
കോഴിക്കോട്: മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ സിനിമയെച്ചൊല്ലി ബിജെപിയില്‍ വിവാദം പുകയുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തില്‍ എമ്പുരാന്‍ ചര്‍ച്ചയായി. ബിജെപി പശ്ചാത്തലമില്ലാത്ത സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്ളതിനാലാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നതെന്ന് മുന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉന്നയിച്ചതായാണ് വിവരം.
ഉള്ളടക്കം സംബന്ധിച്ച് നേതൃത്വത്തെ എന്തുകൊണ്ട് സെന്‍സര്‍ബോര്‍ഡ് നേരത്തെ അറിയിച്ചില്ലെന്നും സുരേന്ദ്രന്‍ ചോദിച്ചു. എന്നാല്‍ അക്കാര്യങ്ങളെല്ലാം പരിശോധിക്കാമെന്നും സിനിമ ബഹിഷ്‌കരിക്കേണ്ടതില്ലെന്നുമുള്ള നിര്‍ദേശമാണ് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുന്നോട്ട് വെച്ചതെന്നാണ് സൂചന. ബഹിഷ്‌കരണം ബിജെപിയുടെ നയമല്ലെന്നും കോര്‍കമ്മിറ്റി വ്യക്തമാക്കി.
എന്നാല്‍ എമ്പുരാന്‍ സിനിമ കോര്‍കമ്മിറ്റിയില്‍ ചര്‍ച്ചയായില്ലെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍ യോഗത്തിന് ശേഷം പ്രതികരിച്ചത്. സിനിമ, സിനിമയുടെ വഴിക്കും പാര്‍ട്ടി, പാര്‍ട്ടിയുടെ വഴിക്കും പോകും. സിനിമ എന്താണെന്ന് അത് കാണുന്ന ആസ്വാദകരാണ് വിലയിരുത്തേണ്ടത്. സിനിമ തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും സുധീര്‍ വ്യക്തമാക്കി.
മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ എന്ന ചിത്രം തിയേറ്ററിലെത്തിയതിന് പിന്നാലെ വിവാദവും പുകയുകയാണ്. ചിത്രത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്ന് വ്യാപക സൈബര്‍ ആക്രമണം ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളായിരുന്നു സൈബര്‍ ആക്രമണത്തിന് ആധാരമായത്.
Content Highlights: Empuraan Censor Board did not inform about anti-BJP content criticism