'മകളുടെ ശമ്പളത്തുക മുഴുവൻ കൈമാറ്റം ചെയ്യപ്പെട്ടു; അക്കൗണ്ടിൽ ഉണ്ടായിരുന്നത് 1,000 രൂപ മാത്രം': മേഘയുടെ പിതാവ്

ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞു

dot image

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ജീവനക്കാരി മേഘയുടെ മരണത്തില്‍ സാമ്പത്തിക ചൂഷണം നടന്നുവെന്ന ആരോപണവുമായി പിതാവ് മധുസൂദനന്‍. മകള്‍ ബ്ലാക്ക് മെയില്‍ ചെയ്യപ്പെട്ടതായി പിതാവ് ആരോപിച്ചു. മകളുടെ ശമ്പളത്തുക മുഴുവന്‍ മലപ്പുറം സ്വദേശിയായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. മേഘയുടെ അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്നത് ആയിരം രൂപ മാത്രമാണ്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും പിതാവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

രാജസ്ഥാനിലെ പരിശീലന ക്ലാസ്സില്‍ മേഘക്കൊപ്പം സുകാന്തും ഉണ്ടായിരുന്നുവെന്നും പിതാവ് ആരോപിച്ചു. 2024 മെയിലാണ് ചെറിയ തുക ആദ്യം മേഘയുടെ അക്കൗണ്ടില്‍ നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തത്. 2024 ഒക്ടോബര്‍ മുതല്‍ മുഴുവന്‍ ശമ്പളത്തുകയും മേഘയുടെ അക്കൗണ്ടില്‍ നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്ത് തുടങ്ങി. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ഐബിക്കും പൊലീസിനും മെയില്‍ ചെയ്തിട്ടുണ്ടെന്നും പിതാവ് വ്യക്തമാക്കി.

മേഘയുടെ മൊബൈല്‍ ഫോണിലേക്ക് ഒടുവില്‍ വന്ന കോള്‍ സുകാന്തിന്റേതാണെന്നും പിതാവ് വ്യക്തമാക്കി. മൂന്ന് സെക്കന്‍ഡ് മാത്രമായിരുന്നു കോള്‍ സമയം. മകളുടെ മരണകാരണം കൃത്യമായി അറിയണം. സുകാന്താണ് മകളുടെ മരണത്തിന് കാരണമായെങ്കില്‍ നിയമ നടപടി ഉണ്ടാകണം. മകളുടെ കയ്യില്‍ ആഹാരം കഴിക്കാന്‍ പോലും പൈസ ഇല്ലാത്ത അവസ്ഥ ഉണ്ടായി. മകളുടെ ജന്മദിനത്തിന് കേക്ക് വാങ്ങി നല്‍കിയത് കൂട്ടുകാരാണെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം മേഘയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ മേഘ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു.

Content Highlights- Father of megha slam ib officer from malappuram on her death

dot image
To advertise here,contact us
dot image