
തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ എംബിഎ മൂന്നാം സെമസ്റ്റർ ഉത്തര പേപ്പർ നഷ്ടമായത് പാലക്കാട് നിന്നെന്ന് സ്ഥിരീകരിച്ച് അധ്യാപകൻ. ജനുവരി 13-ന് രാത്രി 10 മണിക്ക് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് ഉത്തരക്കടലാസ് ഉൾപ്പെടെ സൂക്ഷിച്ച ബാഗ് നഷ്ടമായതെന്ന് അധ്യാപകൻ റിപ്പോർട്ടറിനോട് പറഞ്ഞു.
ഗസ്റ്റ് അധ്യാപകനായ ഇയാൾ ബൈക്കിൽ വീട്ടിൽ നിന്ന് പുറപ്പെട്ട് 10 കിലോമീറ്റർ ആകുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത്. സർവകലാശാലയെ വിഷയം അറിയിച്ചതാണെന്നും അധ്യപകൻ പറഞ്ഞു.
'ഉത്തരപേപ്പർ നഷ്ടപ്പെട്ടത് സംബന്ധിച്ച് ജനുവരി 14-ന് പൊലീസിൽ പരാതി നൽകി. ജനുവരി 15-ന് യൂണിവേഴ്സിറ്റിയിൽ എത്തി വിശദീകരിച്ചു'വെന്നും അധ്യാപകൻ പറഞ്ഞു.
അധ്യാപകൻ്റെ കയ്യിൽ നിന്ന് ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെത്തുടർന്ന് വീണ്ടും പരീക്ഷയെഴുതാൻ 71 വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയിരിക്കുകയാണ് സർവ്വകലാശാല. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വീണ്ടും പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികള്‍. ജനുവരി 13-ന് ഉത്തര പേപ്പർ നഷ്ടപ്പെട്ടിട്ടും സർവകലാശാല നടപടിയിഴഞ്ഞുവെന്ന് വിദ്യാർത്ഥികള്‍ ആരോപിച്ചു. ഏപ്രിൽ ഏഴിനാണ് വീണ്ടും പരീക്ഷ എഴുതേണ്ട കാര്യം ഇ മെയില്‍ വഴി അറിയിക്കുന്നത്. എംബിഎ കോഴ്സ് പൂർത്തിയാക്കിയവർക്കാണ് ഈ ദുരവസ്ഥ. ഒരുപാട് കുട്ടികൾ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ളവരാണ്.
ഏപ്രിൽ 7-ന് വീണ്ടും പരീക്ഷ എഴുതണമെന്ന ഇ-മെയിലാണ് വിദ്യാർത്ഥികൾക്ക് കിട്ടിയത്. ഇ-മെയിലിൻ്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. മൂന്നും നാലും സെമസ്റ്ററുകളുടെ ഫലം പ്രസിദ്ധീകരിച്ചിരുന്നില്ല. വീണ്ടും പരീക്ഷയെഴുതുക എന്നതല്ലാതെ വിദ്യാർത്ഥികൾക്ക് വേറെ വഴിയില്ലെന്ന് പരീക്ഷാ കൺട്രോളർ റിപ്പോർട്ടറിനോട് പറഞ്ഞു.
Content Highlights: Kerala University answer sheet missing from Palakkad