
കൊച്ചി: പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ റീ എഡിറ്റ് ചെയ്ത് തീയറ്ററുകളിലേക്ക്. പതിനേഴിലേറെ ഭാഗങ്ങള്‍ നിര്‍മാതാക്കള്‍ തന്നെ ഒഴിവാക്കും. രണ്ട് ദിവസത്തിനുള്ളില്‍ റീ എഡിറ്റിങ് പൂര്‍ത്തിയാകും. അടുത്തയാഴ്ചയോടെ റീ എഡിറ്റ് വേര്‍ഷന്‍ തീയറ്ററുകളില്‍ എത്തുമെന്നാണ് വിവരം.
വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തീയറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ ക്യാന്‍സല്‍ ചെയ്തു. എന്നാല്‍ ചിത്രത്തിനെതിരായ വിമര്‍ശനങ്ങള്‍ ഏറ്റെടുക്കാന്‍ ബിജെപി തയ്യാറായില്ല. സിനിമയെ സിനിമയായി കാണണം എന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും വ്യക്തമാക്കിയത്.
മുതിര്‍ന്ന നേതാക്കള്‍ നിലപാട് വ്യക്തമാക്കുമ്പോഴും ചിത്രത്തിനും സംവിധായകന്‍ പൃഥ്വിരാജിനുമെതിരെ സംഘപരിവാര്‍ ആക്രമണം തുടരുകയാണ്. പൃഥ്വിരാജിനെതിരെ വിദ്വേഷ പരാമര്‍ശവുമായി യുവമോര്‍ച്ച നേതാവ് കെ ഗണേഷ് രംഗത്തെത്തി. ആടുജീവിതം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജിന്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങള്‍ ദേശവിരുദ്ധമാണെന്നായിരുന്നു ഗണേഷിന്റെ ആരോപണം.
എമ്പുരാനും പൃഥ്വിരാജിനുമെതിരെ ലേഖനമെഴുതുകയാണ് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ചെയ്തത്. എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നത്. 2002ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണ്. മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓര്‍ഗനൈസര്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. ഓര്‍ഗനൈസറിന്റെ ലേഖനത്തിനെതിരെ എ എ റഹീം എം പി രംഗത്തെത്തി. ബഹിഷ്‌കരിക്കേണ്ടത് എമ്പുരാനല്ലെന്നും ഓര്‍ഗനൈസറിലെ ലേഖനമാണെന്നും എ എ റഹീം അഭിപ്രായപ്പെട്ടിരുന്നു.
Content Highlights- Mohanlal-prithviraj movie empuraan will reedit after sanghparivar raise threat