നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യ ഏക പ്രതി, കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും

കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക

dot image

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയെ പ്രതിയാക്കിയാണ് കുറ്റപത്രം. നവീന്‍ ബാബു കൈകൂലി വാങ്ങിയതിന് തെളിവില്ലെന്നും കുറ്റപത്രത്തിലുണ്ട്. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.

'യാത്രയയപ്പ് പരിപാടിയില്‍ പി പി ദിവ്യ നടത്തിയ പ്രസംഗമാണ് നവീന്‍ ബാബു ജീവനൊടുക്കാന്‍ കാരണം. ക്ഷണിക്കാതെയാണ് ദിവ്യ യാത്രയയപ്പ് പരിപാടിക്ക് എത്തിയത്. പ്രശാന്തിന്റേത് ആരോപണം മാത്രമാണ്', എന്നും കുറ്റപത്രത്തില്‍ പറയുന്നു. 166 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. മൂന്ന് ഭാഗങ്ങളായി 400 ലധികം പേജുകളുള്ളതാണ് കുറ്റപത്രം.

കേസില്‍ 82 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുവിന്റെയും മക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കളക്ട്രേറ്റിലെ ജീവനക്കാര്‍ പി പി ദിവ്യക്ക് എതിരായാണ് മൊഴി നല്‍കിയതെന്നാണ് വിവരം.

ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടാകാത്തതിനാല്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.

Content Highlights: Naveen Babu death PP Divya is the only accused charge sheet will be submitted in court today

dot image
To advertise here,contact us
dot image