'തിരുവനന്തപുരം മൃഗശാലയുടെ പ്രവർത്തനം കുറ്റകരം, ശിക്ഷാർഹം'; അന്ത്യശാസനം നല്‍കി മലിനീകരണ നിയന്ത്രണ ബോർഡ്

റിപ്പോർട്ടർ വാർത്തയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയത്

dot image

തിരുവനന്തപുരം: ജനവാസ മേഖലയിലേക്ക് മലിനജലം ഒഴുക്കിയ തിരുവനന്തപുരം മൃഗശാലയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അന്ത്യശാസനം. മലിനജല ശുദ്ധീകരണ പ്ലാന്റ് ഉടൻ പ്രവർത്തനക്ഷമമാക്കണമെന്ന് നിർദേശിച്ചുകൊണ്ട് നോട്ടീസ് നൽകി. മൃഗശാലയുടെ പ്രവർത്തനം കുറ്റകരവും ശിക്ഷാർഹവുമെന്നാണ് നോട്ടീസിൽ പരാമർശിക്കുന്നത്. റിപ്പോർട്ടർ വാർത്തയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയത്.

മലിനീകരണ നിയന്ത്രണ ബോർഡ് നല്‍കിയ നോട്ടീസിന്‍റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. ചട്ടവിരുദ്ധമായാണ് മൃഗശാല പ്രവർത്തിക്കുന്നതെന്നും നോട്ടീസിൽ പറയുന്നു. മലിനജലം ആമയിഴഞ്ചാനിലേക്ക് ഒഴുക്കുന്നുവെന്ന വാർത്ത റിപ്പോർട്ടറാണ് പുറത്തെത്തിച്ചത്.

മൃഗശാലയിലെ മലിനജല ശുദ്ധീകരണ പ്ലാന്റ് പ്രവർത്തനരഹിതമായിട്ട് ആറു വർഷമായി. വിഷയത്തിൽ നേരത്തെ കോർപ്പറേഷൻ മൃഗശാലയ്ക്ക് പിഴ ചുമത്തിയിരുന്നു. അരലക്ഷം രൂപയാണ് മൃഗശാലയ്ക്ക് പിഴ ചുമത്തിയത്. പ്രതിദിനം ഒന്നര ലക്ഷം ലിറ്റർ മലിനജലമാണ് ആമയിഴഞ്ചാനിലേക്ക് ഒഴുക്കിയത് എന്നുള്ള ‍ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടർ പുറത്ത് വിട്ടത്. ഈ വിവരങ്ങൾ സാധൂകരിക്കുന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പഠന റിപ്പോർട്ടും റിപ്പോർട്ടർ പുറത്ത് വിട്ടിരുന്നു. ഇതിലൂടെ 2014-ൽ സ്ഥാപിച്ച ജല ശുദ്ധീകരണ പ്ലാന്റ് പണിമുടക്കിയിട്ട് നാല് വർഷം പിന്നിടുകയാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ പഠന റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു.

ശേഷം 2024 ഓഗസ്റ്റ് 13-ന് മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളായിരുന്നു കണ്ടെത്തിയത്. മൃഗാശുപത്രിയിലെ ബയോ മെഡിക്കൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നത് ശാസ്ത്രീയമല്ലെന്നും കണ്ടെത്തിയിരുന്നു. മലിനജല ശുദ്ധീകരണ പ്ലാന്റ് ഉടനടി പ്രവർത്തന ക്ഷമമാക്കണണെന്ന് കാണിച്ച് നോട്ടീസ് നൽകി ആറ് മാസം പിന്നിട്ടിട്ടും മലിനീകരണ നിയന്ത്രണ ബോർഡിൻറെ മുന്നറിയിപ്പ് മൃഗശാല അവഗണിക്കുകയായിരുന്നു. ഇവയൊക്കെ കണക്കാക്കിക്കൊണ്ടായിരുന്നു മൃഗശാലയ്‌ക്കെതിരെ നടപടിയുമായി കോർപറേഷൻ രംഗത്ത് വന്നത്.

Content Highlights: Pollution Control Board warns Thiruvananthapuram Zoo for discharging sewage into residential areas

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us