
കൊല്ലം : കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിലെ ഒന്നാംപ്രതി അലുവ അതുൽ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കൊച്ചി ആലുവയിൽ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി ഓടി രക്ഷപ്പെട്ടത്. കുഞ്ഞിനെയും ഭാര്യയെയും വഴിയിൽ ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിയെ കണ്ടെത്താനായി എല്ലാ ജില്ലകളിലും പരിശോധന ആരംഭിച്ചിട്ടുണ്ട്.
കേസിൽ ഒരാളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. രാജീവ് എന്ന രാജപ്പനെയാണ് പൊലീസ് അറസ്റ്റ് ചെയതത്. രാജീവിനെ കൂടാതെ പ്രതികളെ സഹായിച്ചെന്ന് കരുതുന്ന മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലുള്ള 18 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിനായി നിയോഗിച്ച പ്രത്യേക സംഘത്തിൽ മൂന്ന് ഇൻസ്പെക്ടർമാരും നാല് എസ് ഐമാരും ഉൾപ്പെടുന്നുണ്ട്. ടെലി കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിൻ്റെ ഭാഗമാവും.
കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന ഗുണ്ടാനേതാവ് സന്തോഷിനെയാണ് മാർച്ച് 27-ന് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം. കറണ്ട് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. വവ്വാക്കാവിലും സംഘം ഒരാളെ വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി അനീറിനെയാണ് വെട്ടിയത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞിരുന്നു.
content highlights : Santosh murder case; 'Aluva Atul' fled, leaving his child and wife on the road