
തിരുവനന്തപുരം: എമ്പുരാൻ കാണാനെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആരെങ്കിലും കത്രിക എടുത്തപ്പോൾ രംഗത്ത് വന്ന് ക്ഷമ പറഞ്ഞത് ഹിതകരമായോ എന്ന് മോഹൻലാൽ ചിന്തിക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു.
ഇതുപോലുള്ള അവസ്ഥ മലയാളം ആദ്യമായിട്ടാണ് കാണുന്നത്. കൈപിടിച്ച് തിരിക്കലാണ് നടന്നത്. വേദനകൊണ്ട് പലരും ഖേദിക്കുന്നുവെന്നും അതിൽ പങ്കില്ലെന്നും പറയും. ഒരു വലിയ കലാകാരനെ അതിലേക്ക് എത്തിക്കാൻ പാടില്ലായിരുന്നു. സംഘപരിവാർ മോഹൻലാലിന്റെ കൈപിടിച്ച് പുറകിലേക്ക് തിരിച്ചോ എന്ന് തനിക്കറിയില്ല. മോഹൻലാലുമായി തർക്കത്തിന് താൻ താൽപര്യപ്പെടുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
കലാകാരന്മാർക്ക് ഇതുപോലെ മാപ്പ് ഇരക്കേണ്ട അവസ്ഥയുണ്ടാകുന്നു. കത്രിക വെക്കുമെന്ന് പറഞ്ഞതിനാൽ ഇല്ലാത്ത നേരമുണ്ടാക്കിയാണ് ഇന്ന് സിനിമ കാണാൻ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹൻലാൽ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല. അതുകൊണ്ട് എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്നായിരുന്നു മോഹൻലാലിന്റെ കുറിപ്പ്. അത്തരം വിഷയങ്ങളെ സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഒരുമിച്ച് തീരുമാനിച്ചുവെന്നും അദ്ദേഹം കുറിച്ചിരുന്നു.
Content Highlights: CPI State Secretary Binoy Vishwam came to watch the movie Empuraan