സംഘപരിവാര്‍ ആക്രമണം; സമ്മർദ്ദങ്ങൾക്ക് വഴങ്ങി എമ്പുരാൻ ടീം, ചർച്ചയായി മോഹൻലാലിന്റെ കുറിപ്പ്

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമർശങ്ങൾ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാർ രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്

dot image

തിരുവനന്തപുരം: എമ്പുരാൻ ടീമിന്റെ ഖേദപ്രകടനം സാമൂഹ്യമാധ്യമങ്ങളിൽ നിറയുകയാണ്. പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്ന് വ്യക്തമാക്കി മോഹൻലാൽ ഫേസ്ബുക്കിൽ കുറിപ്പിട്ടതോടെ നിമിഷങ്ങൾക്കകമാണ് പൃഥ്വിരാജും ആൻ്റണി പെരുമ്പാവൂരുമടക്കം സിനിമയുടെ ഭാഗമായവരെല്ലാം പോസ്റ്റ് ഷെയർ ചെയ്തത്. തുടർച്ചയായ സംഘപരിവാർ ആക്രമണത്തിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ രംഗത്തെത്തിയത്.

''ലൂസിഫർ' ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്' എന്ന് തുടങ്ങുന്നതായിരുന്നു മോഹൻലാലിന്‍റെ കുറിപ്പ്.

മോഹൻലാൽ പറഞ്ഞതു തന്നെയാണ് തന്റെയും നിലപാട് എന്ന് വ്യക്തമാക്കുന്നതാണ് പൃഥ്വിരാജിന്‍റെ നടപടി. വിവാദങ്ങളുണ്ടായപ്പോൾ സംവിധായകനെന്ന നിലയിൽ പൃഥ്വിരാജിന്റെ പ്രതികരണം എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. ആന്‍റണി പെരുമ്പാവൂരും സമാന ചിത്രം പങ്കുവെച്ചിട്ടുണ്ട്.

കടുത്ത രീതിയിലുള്ള വിമർശനങ്ങളും ആരോപണങ്ങളുമാണ് എമ്പുരാൻ തിയറ്ററിലെത്തിയതിന് പിന്നാലെ ഉയർന്നുവന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാൻ തിയേറ്ററുകളിൽ എത്തിയത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമർശങ്ങൾ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാർ രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ബുക്ക് ചെയ്ത ടിക്കറ്റുകൾ വരെ ചിലർ ക്യാൻസൽ ചെയ്തിരുന്നു. കേരളത്തില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ അടക്കം ചിത്രത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറും രംഗത്തെത്തിയിരുന്നു.

എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ആർഎസ്എസ് മുഖപത്രം ഓർഗനൈസർ ലേഖനത്തിലൂടെ പറഞ്ഞത്. 2002-ലെ കലാപത്തിൽ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും മോഹൻലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓർഗനൈസർ ലേഖനത്തിൽ വിമർശിച്ചു. സിനിമ കാണില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ഇന്ന് രംഗത്തുവന്നിരുന്നു.

ഇത്തരം സമ്മർദ്ദങ്ങളുടെ ഫലമായിക്കൂടിയാണ് മോഹൻലാലിന്റെ ഖേദപ്രകടനമെന്ന് വിലയരുത്തലുകളുണ്ട്. സിനിമയിൽ വിമർശന വിധേയമായ ഭാഗങ്ങള്‍ സമ്മർദ്ദങ്ങള്‍ക്ക് വഴങ്ങി ഒഴിവാക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന അഭിപ്രായം ഇതിനകം ഉയർന്നുകഴിഞ്ഞു.

Content Highlights: Empuraan team's apology in social media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us