
തിരുവനന്തപുരം: ആശ പ്രവർത്തകർക്ക് അധിക വേതനം നൽകാൻ നിർദേശവുമായി കെപിസിസി. കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതുസംബന്ധിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നിർദേശം നൽകി. അധിക വേതനത്തിന് ബജറ്റിൽ തുക വകയിരുത്താനും നിർദ്ദേശമുണ്ട്. സാമ്പത്തിക സ്ഥിതി അനുസരിച്ച് അധിക വേതനം നൽകണം. ഇത് ആശാ പ്രവർത്തകർക്ക് ആശ്വാസമാകുമെന്നും കെപിസിസി സർക്കുലർ വ്യക്തമാക്കുന്നു. സർക്കുലറിൻറെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.
ആശാവർക്കർമാരുടെ സമരത്തോട് സർക്കാർ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും സർക്കുലറിൽ കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രി ചർച്ചയ്ക്കു തയാറാകുന്നില്ലെന്നും വിമർശനമുണ്ട്. കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ചിലത് നേരത്തെ തന്നെ ആശാവർക്കർമാർക്കുള്ള ഓണറേറിയം വർധിപ്പിച്ചിരുന്നു. കൊല്ലം ജില്ലയിലെ തൊടിയൂരും തൃശ്ശൂർ ജില്ലയിലെ പഴയന്നൂരും ആശവർക്കർമാർക്ക് ഇൻസെന്റീവ് വർധിപ്പിച്ചിരുന്നു. തൊടിയൂരിൽ ഗ്രാമപഞ്ചായത്ത് ബജറ്റിലാണ് 1000 രൂപ വർധിപ്പിച്ചതായി പ്രഖ്യാപിച്ചത്. 46 ആശവർക്കർമാരാണ് പഞ്ചായത്തിലുള്ളത്. പഴയന്നൂർ പഞ്ചായത്തിൽ ആശമാർക്ക് 2000 രൂപ ഇൻസെന്റീവായി നൽകാനും തീരുമാനമുണ്ടായിരുന്നു.
അതേസമയം, സെക്രട്ടറിയേറ്റിനു മുന്നിൽ ആശ വർക്കർമാർ നടത്തുന്ന രാപ്പകൽസമരം 49-ാം ദിവസവും തുടരുന്നു. നിരാഹാര സമരം 11 ദിവസവും പിന്നിടുകയാണ്. സ്ത്രീ തൊഴിലാളികളുടെ അവകാശ പോരാട്ടം എന്ന നിലയിൽ അന്തർദേശീയ ശ്രദ്ധ ആകർഷിച്ച ആശ സമരത്തിന്റെ ഭാഗമായി നടത്താൻ പോകുന്ന മുടി മുറിക്കൽ സമരം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമം. നാളെ മുതലാണ് മുടിമുറിക്കൽ സമരം നടത്തുന്നത്.
Content Highlights: K Sudhakaran Directs Additional Wages for ASHA Workers in Congress Ruling Local Self Government Bodies