
കൊച്ചി: മോഹന്‍ലാല്‍-പൃഥ്വിരാജ് എമ്പുരാന്‍ റീഎഡിറ്റ് ചെയ്ത് പുറത്തിറക്കാനുള്ള തീരുമാനം അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇനി കാണുന്നത് എമ്പുരാനായിരിക്കില്ലെന്നും വെറും 'എംബാം'പുരാന്‍ ആയിരിക്കുമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഉദരനിമിത്തം ബഹുകൃതവേഷം. ഇനി കാണുന്നത് എംപുരാനല്ല വെറും'എംബാം'പുരാന്‍. ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും. നാസൗ നായം കരഗതഃ കരസ്ഥോപി വിനാശിതഃ | ആശയാ ദൂഷിതാ ബുദ്ധിഃ കിം കരോമി വരാധമഃ||
എമ്പുരാനെതിരെ സംഘ്പരിവാര്‍ ആക്രമണം രൂക്ഷമായതോടെ ചിത്രത്തിലെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം നടന്‍ മോഹന്‍ലാല്‍ സ്ഥിരീകരിക്കുകയും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയ രംഗങ്ങളുടെ പേരില്‍ നടന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞുവെന്നും ഒരു കലാകാരന്‍ എന്ന നിലയില്‍ തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് കടമയാണെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ പങ്കുവെച്ച പോസ്റ്റ് ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജും ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
Content Highlights- k surendran fb post against empuraan and team