
തിരുവനന്തപുരം: എമ്പുരാന്‍ വിവാദത്തില്‍ പ്രതികരിച്ച് മുന്‍ മന്ത്രിയും സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗവുമായ കടകംപള്ളി സുരേന്ദ്രന്‍. സംഘപരിവാര്‍ ഭീഷണിക്ക് മുന്നില്‍ വഴങ്ങിയതിന് മോഹന്‍ലാലിനേയോ പൃഥ്വിരാജിനേയോ കുറ്റം പറയാന്‍ പറ്റില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഭീഷണിക്ക് വഴങ്ങിയില്ലെങ്കില്‍ എമ്പുരാന്‍ സിനിമയില്‍ കാണിച്ചതുപോലെ നാളെ അവര്‍ കണികാണേണ്ടി വരിക ഇ ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെയാകും. വര്‍ഗീയ ഫാസിസ്റ്റുകളുടെ ഭീഷണിക്ക് മുന്നില്‍ കലാകാരന്മാര്‍ക്ക് മുട്ട് മടക്കേണ്ടിവരുന്ന സാഹചര്യം നമ്മുടെ നാടിന് ഒട്ടും ഭൂഷണമല്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
2018ലാണ് ടൂറിസം വകുപ്പ് മന്ത്രി ആയിരുന്ന എന്നെ കാണാന്‍ പൃഥ്വിരാജ് ഒദ്യോഗിക വസതിയിലേക്ക് വരുന്നത്. കനകക്കുന്ന് കൊട്ടാരം സിനിമ ഷൂട്ടിങ്ങുകള്‍ക്ക് നല്‍കിയിട്ട് തിരിച്ച് നല്ല നിലയില്‍ അല്ല നല്‍കിയിരുന്നത് എന്നതിനാല്‍ ഇനി കനകക്കുന്ന് കൊട്ടാരം ഷൂട്ടിങ്ങിന് അനുവദിക്കേണ്ടതില്ല എന്ന് ഞാന്‍ തീരുമാനം എടുത്തിരുന്നു. അതിനൊരു ഇളവ് ചോദിച്ചാണ് രാജു എത്തിയത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ക്ലൈമാക്‌സ് ഒരു സീന്‍ ഷൂട്ട് ചെയ്യാന്‍ കനകക്കുന്ന് വളരെ ആപ്റ്റ് ആണ് എന്നതാണ് കാരണം. ചിത്രത്തിലെ നായകന്‍ മോഹന്‍ലാല്‍. സിനിമയുടെ പേര് ലൂസിഫര്‍.
രാജുവിന്റെ ആവശ്യത്തോട് ആദ്യം ഞാന്‍ സ്‌നേഹപൂര്‍വ്വം എന്തുകൊണ്ട് കനകക്കുന്ന് ഷൂട്ടിങ്ങിന് നല്‍കുന്നില്ല എന്ന് കാര്യകാരണ സഹിതം വിശദീകരിച്ചു. ഞാന്‍ പറഞ്ഞ വസ്തുതകള്‍ എല്ലാം അംഗീകരിച്ചുകൊണ്ട് കനകക്കുന്നിനു ഒരു പോറല്‍ പോലും ഏല്‍പിക്കാതെ തിരിച്ചുതരാം എന്ന രാജുവിന്റെ ഉറപ്പിലാണ് അന്ന് ലൂസിഫറിന് കനകക്കുന്ന് അനുവദിക്കുന്നത്.
അന്ന് ഒരിക്കല്‍ പോലും സിനിമയുടെ കഥ എന്താണെന്നോ സര്‍ക്കാരിന് വിമര്‍ശനം ഉണ്ടോ എന്നോ സിപിഐഎം വിരുദ്ധത ഉണ്ടോ എന്നൊന്നും ഞാന്‍ അന്വേഷിച്ചിരുന്നില്ല. പടം ഇറങ്ങിയപ്പോള്‍ പോയി കാണുകയും മുകളില്‍ പറഞ്ഞതൊക്കെ ഉണ്ടെന്ന് മനസ്സിലാവുകയും ചെയ്തു. പടം ഇഷ്ടപെട്ടതിനാല്‍ പൃഥ്വിരാജിനെ വിളിച്ചു അഭിനന്ദനം അറിയിച്ചതല്ലാതെ ഇതേകുറിച്ചൊന്നും ചോദിച്ചിട്ടുമില്ല. പടം കണ്ട ഒരാളും എന്തിന് ആ സിനിമക്ക് കനകക്കുന്ന് നല്‍കി എന്നും എന്നോട് ചോദിച്ചിട്ടില്ല. കാരണം അതെല്ലാം ഒരു കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം ആണ് എന്ന് ഉത്തമ ബോധ്യം ഉള്ളവരാണ് ഞാനും ഞാന്‍ ഉള്‍പ്പെടുന്ന ഇടതുപക്ഷ സമൂഹവും.
ഇന്ന് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ അതിശക്തമായ വേട്ടയടലുകള്‍ നേരിടുകയാണ്. സംഘപരിവാര്‍ 2002ല്‍ ചെയ്തു കൂട്ടിയതൊക്കെ സമൂഹത്തെ വീണ്ടും ഓര്‍മിപ്പിച്ചു എന്നതാണ് കുറ്റം. ശക്തമായവിദ്വേഷ പ്രചാരണമാണ് ഇതിന്റെ പേരില്‍ മോഹന്‍ലാലും പൃഥ്വിരാജും ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ നേരിടുന്നത്. അണികള്‍ മാത്രമല്ല ആര്‍എസ്എസ് നേതാക്കള്‍ പോലും പരസ്യ ഭീഷണിയുമായി മുന്നിട്ട് ഇറങ്ങി കഴിഞ്ഞു. ഈ സമ്മര്‍ദ്ദത്തില്‍ പെട്ട് സിനിമയിലെ സുപ്രധാന രംഗങ്ങള്‍ക്ക് കത്രിക വെക്കേണ്ടി വന്നു എന്ന് മാത്രമല്ല മോഹന്‍ലാല്‍ എന്ന മഹാനടന് മാപ്പ് പറയേണ്ടിയും വന്നിരിക്കുന്നു. വര്‍ഗീയ ഫാസിസ്റ്റുകളുടെ ഭീഷണിക്ക് മുന്നില്‍ കലാകാരന്മാര്‍ക്ക് മുട്ട് മടക്കേണ്ടി വരുന്ന സാഹചര്യം നമ്മുടെ നാടിന് ഒട്ടും ഭൂഷണമല്ല.
സംഘപരിവാര്‍ ഭീഷണിക്ക് മുന്നില്‍ വഴങ്ങിയതിന് ഇവിടെ മോഹന്‍ലാലിനെയോ പൃഥ്വിരാജിനെയോ മറ്റ് അണിയറ പ്രവര്‍ത്തകരെയോ കുറ്റം പറയാന്‍ കഴിയുകയില്ല. അവരുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങിയില്ല എങ്കില്‍ എമ്പുരാന്‍ സിനിമയില്‍ കാണിച്ചത് പോലെ നാളെ അവര്‍ കണി കാണേണ്ടി വരിക ഇ ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെയാവും. കുറ്റമൊന്നും ചെയ്യേണ്ട. മുദ്രവെച്ചു കൊടുക്കുന്ന വെള്ളപ്പേപ്പറുകളുടെ ബലത്തില്‍ ആരെയും മാസങ്ങളോളം ജയിലഴികള്‍ക്ക് ഉള്ളില്‍ അടക്കാന്‍ കഴിയുന്ന സൂപ്പര്‍പവര്‍ ഉള്ള ഏജന്‍സികള്‍ ആണവര്‍.
ഇതിനെതിരെ പ്രതികരിക്കേണ്ടത് സംഘപരിവാറിനെ വിറളി പിടിപ്പിച്ച ആ രാഷ്ട്രീയം കൂടുതല്‍ ഉച്ചത്തില്‍ ചര്‍ച്ച ചെയ്താണ്. ഓരോ തെരുവിലും, ഓരോ ചായക്കടകളിലും, ഓരോ ബിസിനസ് ലോഞ്ചുകളിലും ഓരോ കുടുംബത്തും ആ വര്‍ഗീയ രാഷ്ട്രീയം കൂടുതല്‍ ഉച്ചത്തില്‍ ചര്‍ച്ചയാവട്ടെ. സിനിമക്ക് കത്രിക വെക്കുന്നു എന്നറിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ രാത്രി കൈരളി തിയേറ്ററില്‍ കുടുംബ സമേതം എമ്പുരാന്‍ കണ്ടു.
Content Highlights- kadakampally surendran support to mohanlal and prithviraj over sanghparivar cyber attack