
തൃശൂര്‍: വീട്ടില്‍ നിന്ന് സ്പിരിറ്റ് പിടിച്ചെടുത്തതിന് പിന്നാലെ ജീപ്പ് ഡ്രൈവര്‍ ജീവനൊടുക്കി. തൃശൂരിലാണ് സംഭവം. പുത്തൂര്‍ സ്വദേശി ജോഷി (52)യാണ് വീടിന് സമീപത്തെ പറമ്പിലെ ഷെഡ്ഡില്‍ തൂങ്ങി മരിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഒല്ലൂര്‍ പൊലീസ് ജോഷിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും 150 ലിറ്റര്‍ സ്പിരിറ്റ് പിടികൂടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജോഷിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുഹൃത്തുക്കള്‍ക്കൊപ്പം ചീട്ട് കളിച്ചിരിക്കുന്നതിനിടെ വീട്ടിലേക്ക് പൊലീസ് പോകുന്നത് ജോഷി കണ്ടിരുന്നു. വീട്ടില്‍ അഞ്ച് കന്നാസ് സ്പിരിറ്റ് ഇരിപ്പുണ്ടെന്നും രക്ഷപ്പെടാന്‍ കഴിയുമോയെന്നും ജോഷി ഈ സമയം സുഹൃത്തിനോട് ചോദിച്ചു. ഇതിന് പിന്നാലെ ജോഷിക്ക് വീട്ടില്‍ നിന്ന് ഫോണ്‍ കോൾ വന്നു. ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് ഫോണ്‍ കട്ടുചെയ്ത ജോഷിയെ പിന്നെ ആരും കണ്ടില്ല.
വൈകിയും ജോഷിയെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും നടത്തിയ പരിശോധനയിലാണ് പറമ്പിലെ ഷെഡ്ഡില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights- Man found dead after police captured spirit from home in thrssur