
മലപ്പുറം : മലപ്പുറം വണ്ടൂരിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീടിന്റെ മതിലും ഗേറ്റും തകർത്ത് വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി. വീടിന്റെ ഗേറ്റിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ വാഹനം വരുന്നതുകണ്ട് ഓടിമാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ഇന്ന് രാവിലെ 10 മണിയോടെ വാണിയമ്പലം വൈക്കോലങ്ങാടി പൂനാരി സുഹറയുടെ വീട്ടിലാണ് അപകടമുണ്ടായത്.
രണ്ട് കുട്ടികൾ ഗേറ്റിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. മറ്റ് രണ്ട് കുട്ടികൾ വീടിന്റെ സിറ്റൗട്ടിലിരിക്കുകയായിരുന്നു. വാൻ നിയന്ത്രണം തെറ്റി വരുന്നതുകണ്ട് ഗേറ്റിന് സമീപമുണ്ടായിരുന്ന കുട്ടികൾ ഓടി മാറി. തൊട്ടുപിന്നാലെ ഗേറ്റ് തകത്ത് വാൻ വീട്ടുമുറ്റത്തേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. സിറ്റൗട്ടിലിരുന്ന കുട്ടികൾ പേടിച്ച് വീടിനകത്തേയ്ക്ക് ഓടിക്കയറി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാനിലുണ്ടായിരുന്നവർക്കുൾപ്പെടെ ആർക്കും പരിക്കില്ല.. വാഹനം ഭാഗികമായി തകർന്നു.
content highlights : van accident in malappuram vandoor