
തിരുവനന്തപുരം: റീസെൻസറിംഗ് ചർച്ചകള്‍ക്കിടെ എമ്പുരാൻ സിനിമയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എമ്പുരാൻ്റെ അണിയറ പ്രവർത്തകർക്ക് ഒപ്പമാണ് താൻ നിൽക്കുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതിപക്ഷ നേതാവ് തന്റെ നിലപാട് വ്യക്തമാക്കിയത്. സംഘപരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല. മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലം. ആവിഷ്കാര സ്വാതന്ത്ര്യം എന്നാൽ തങ്ങൾക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിർമ്മിതികൾക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘപരിവാർ കരുതുന്നതെന്നും വി ഡി സതീശൻ കുറിച്ചു.
വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്
സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല. മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലം. ആവിഷ്കാര സ്വാതന്ത്ര്യം എന്നാൽ തങ്ങൾക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിർമ്മിതികൾക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാർ കരുതുന്നത്. വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണ് അവരുടെ അജണ്ട.
സിനിമ ഒരു കൂട്ടം കലാകാരൻമാരുടെ സൃഷ്ടിയാണ്. ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല. അത് സമൂലമായ പരാജയത്തിൻ്റെയും ഭീരുത്വത്തിൻ്റെയും ലക്ഷണമാണ്. എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും ചരിത്ര സത്യങ്ങൾ തെളിഞ്ഞുതന്നെ നിൽക്കുമെന്നതും മറക്കരുത്. എമ്പുരാനൊപ്പം അണിയറ പ്രവർത്തകർക്കൊപ്പം.
അതേ സമയം, എമ്പുരാൻ കാണില്ലെന്നും ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ താൻ നിരാശനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു. ലൂസിഫർ ഇഷ്ടപ്പെട്ടിരുന്നുവെന്നും അതിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് താൻ പറഞ്ഞിരുന്നതായും രാജീവ് ചന്ദ്രശേഖർ കുറിച്ചു. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് തനിക്ക് മനസ്സിലായി. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാൻ തിയേറ്ററുകളിൽ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമർശങ്ങൾ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാർ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകൾ വരെ ചിലർ ക്യാൻസൽ ചെയ്തിരുന്നു. ചിത്രത്തിനെതിരെ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറും രംഗത്തെത്തിയിരുന്നു.
എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ഓർഗനൈസറിലെ ലേഖനത്തിൽ പറയുന്നത്. 2002ലെ കലാപത്തിൽ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണ്. മോഹൻലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓർഗനൈസർ ലേഖനത്തിൽ അഭിപ്രായമുണ്ടായിരുന്നു. എന്നാൽ ഈ ലേഖനത്തിനെതിരെയും വലിയ വിമർശനമാണ് ഉയരുന്നത്.
Content Highlights: Opposition leader VD Satheesan supports Empuraan movie