
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 50-ാം ദിവസം. മൂന്നാം ഘട്ടസമരം എന്ന രീതിയില്‍ 50-ാം ദിനം പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം. ഇന്ന് ആശമാര്‍ സമര പന്തലിനു മുന്നില്‍ മുടി മുറിച്ച് പ്രതിഷേധിക്കും. ഫെബ്രുവരി 10-ാം തീയതിയാണ്
വിവിധ ആവശ്യങ്ങളുമായി ഒരു കൂട്ടം ആശ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്.
രാപകല്‍ സമരം 50-ാം ദിവസത്തില്‍ എത്തിയതോടെയാണ് ആശാവര്‍ക്കര്‍മാര്‍ മുടിമുറിക്കുന്നത്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ രാവിലെ 11-ന് സമരവേദിയില്‍ മുടി മുറിക്കല്‍ സമരത്തില്‍ പങ്കാളികളാകും.
മുടി മുറിക്കല്‍ സമരത്തോടെ ആഗോളതലത്തില്‍ സമരത്തിന് പിന്തുണയേറും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ആശമാരുടെ നിരാഹാര സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണയറിയിച്ച് നിരവധിപേര്‍ ഇന്ന് സമരപ്പന്തലില്‍ എത്തും.
അതേസമയം, ആശസമരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുലര്‍ത്തുന്നത് അങ്ങേയറ്റം ഖേദകരമായ നിലപാടാണെന്ന് ആശ വര്‍ക്കേഴ്‌സ് സമരസമിതി അഭിപ്രായപ്പെട്ടു. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി രണ്ട് ഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടുവെന്നും മന്ത്രി ആദ്യം നിന്നിടത്തുതന്നെയാണ് നില്‍ക്കുന്നതെന്നും സമിതി നേതാവ് മിനി വ്യക്തമാക്കി.
Content Highlights: asha strike is in 50 th day hair cutting strike today