
തിരുവനന്തപുരം: എമ്പുരാന്‍ വിവാദം കത്തിനില്‍ക്കെ ചിത്രത്തിന് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. എമ്പുരാന്‍ സിനിമയ്‌ക്കെതിരെ നടക്കുന്നത് ഫാസിസ്റ്റ് അതിക്രമമാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ആര്‍എസ്എസ് സൂപ്പര്‍ സെന്‍സര്‍ ബോര്‍ഡായി പ്രവര്‍ത്തിക്കുകയാണ്. ആര്‍എസ്എസിന്റെ ഭീഷണിക്ക് സിനിമ പ്രവര്‍ത്തകര്‍ക്ക് വഴങ്ങേണ്ട അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.
ഇതെന്ത് ജനാധിപത്യമാണെന്നും മന്ത്രി ചോദിച്ചു. ഇവര്‍ തന്നെയാണ് കേരള സ്റ്റോറി എന്ന വ്യാജ സിനിമയെ പിന്തുണച്ചതെന്നും എം ബി രാജേഷ് പറഞ്ഞു. കലയെ കലയായി കാണണമെന്നും ശരിയും തെറ്റും സമൂഹമാണ് തിരിച്ചറിയേണ്ടതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞു. സിനിമ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി രൂപപ്പെട്ടുവരുന്ന കലാരൂപമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
എമ്പുരാന് തുടര്‍ച്ചയുണ്ടെന്നും മൂന്നാം ഭാഗം കൂടി വരുമ്പോഴാണ് ചിത്രം പൂര്‍ത്തിയാകുകയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ചിത്രം മതനിരപേക്ഷ രാജ്യത്തിന്റെ ആവശ്യകതയെ ഫലപ്രദമായി അവതരിപ്പിച്ചു. വര്‍ഗീയതയ്ക്കും കലാപത്തിനും എതിരെ സമാധാനം എന്ന ആശയം ഉത്പാദിപ്പിക്കുന്നതാണ് സിനിമ. നിങ്ങള്‍ ഇങ്ങനെയെ സിനിമ ചെയ്യാവൂ എന്നാണ് ഭരണകൂടം പറയുന്നത്. നടന്ന സംഭവങ്ങളുടെ അവതരണമാണ് എമ്പുരാനിലുള്ളത്. ഫാസിസ്റ്റ് നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നത്. കലാകാരന്മാര്‍ക്ക് സമൂഹത്തോട് പറയാനുള്ള കാര്യം അവര്‍ പറയുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
എമ്പുരാനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായപ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയിലും പുറത്തും നിറയുകയാണ്. കേരളത്തില്‍ ഇറങ്ങിയതില്‍ വെച്ച് വ്യത്യസ്തമായ സിനിമയാണ് എമ്പുരാന്‍ എന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സിനിമയെ സിനിമയായി കാണണമെന്ന അഭിപ്രായവുമായി നടന്‍ ആസിഫ് അലിയും രംഗത്തെത്തി. ആര്‍എസ്എസ് സംസ്ഥാനത് ഉണ്ടാക്കിയ നരേറ്റീവിനെ തകര്‍ക്കുന്നതാണ് എമ്പുരാനെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞത്. ഇതിനിടെ പൃഥ്വിരാജിനേയും കുടുംബത്തേയും അധിക്ഷേപിക്കുന്ന പരാമര്‍ശമായിരുന്നു ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ നടത്തിയത്. പൃഥ്വിരാജിന്റെ ഭാര്യ അര്‍ബന്‍ നക്‌സല്‍ ആണെന്നും മല്ലികാ സുകുമാരന്‍ ആദ്യം മരുമകളെ നിലയ്ക്ക് നിര്‍ത്തണമെന്നുമായിരുന്നു ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്.
Content Highlights- m b rajesh m v govindan reaction on empuraan controversy