
തിരുവനന്തപുരം: ലഹരിക്കെതിരായ സർക്കാരിന്റെ പോരാട്ടത്തിൽ ഇസ്ലാം വിശ്വാസികൾ സഹകരിക്കണമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി. ലഹരിയും അക്രമവും വർദ്ധിച്ചുവരികയാണ്. ഭരണകൂടം ശക്തമായ ക്യാംപെയ്നുമായി രംഗത്തെത്തിയിട്ടുണ്ട്.
അവർക്കൊപ്പം ഇസ്ലാം വിശ്വാസികൾ സഹകരിക്കണെമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പാളയം മുസ്‌ലിം ജമാ അത്ത് സംഘടിപ്പിച്ച ഈദ് ഗാഹിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെയും പാളയം ഇമാം പരാമർശിച്ചു. കുട്ടികൾ വഴിതെറ്റിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നിയന്ത്രിക്കണം. കുട്ടികളുടെ ക്ഷമയാണ് നഷ്ടപ്പെടുന്നത്. മക്കൾക്കെല്ലാം നൽകുന്നു. എന്നാൽ ക്ഷമ മാത്രം പഠിപ്പിക്കുന്നില്ല. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുന്നുവെന്ന് പറഞ്ഞ ഇമാം ഭൗതിക താത്പര്യങ്ങൾക്ക് വേണ്ടി അല്ല വഖഫ് ചെയ്യുന്നതെന്നും കൂട്ടിച്ചേർത്തു. ദാനം ചെയ്ത വസ്തുക്കളാണ് മസ്ജിദുകളും യത്തീംഖാനകളുമെല്ലാം. വഖഫുകൾ അള്ളാഹുവിൻ്റെ ധനമാണ്.
അത് അങ്ങേയറ്റം കൃത്യതയോടെ കൈകാര്യം ചെയ്യാനാണ് വഖഫ് നിയമമുള്ളത്. അത് ഭേദഗതി ചെയ്യാനാണ് ശ്രമിക്കുന്നത്. വിശ്വാസികളാണ് വഖഫ് സ്വത്ത് കൈകാര്യം ചെയ്യേണ്ടത് എന്ന് ഖുർആനിലുണ്ട്. അതാണ് ഭേദഗതി ചെയ്യാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അള്ളാഹുവിലേക്ക് മടങ്ങുക എന്നതാണ് ഈദുൽ ഫിത്തർ. വിശ്വാസി അനുഭവിക്കുന്ന ആത്മീയ ആനന്ദം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. പലസ്തീൻ മക്കൾ ഇന്നും വലിയ ദുരിതത്തിലൂടെ കടന്നുപോകുന്നു. സമാധാന കരാർ ലംഘിച്ചു കൊണ്ടാണ് ഇസ്രായേൽ യുദ്ധം ചെയ്യുന്നത്. കുമിഞ്ഞ് കൂടിയ കുഞ്ഞുങ്ങളുടെ മൃതദഹം കാണാനുള്ള കരുത്ത് ലോകത്തിനില്ല. ആയുധങ്ങളുടെ ശബ്ദം നിലയ്ക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നുവെന്നും ഡോ. വി പി സുഹൈബ് മൗലവി ഓർമപ്പെടുത്തി.
Content Highlights: Palayam Imam Dr V P Suhaib Moulavi's eid message