
തിരുവനന്തപുരം: എമ്പുരാന്‍ സിനിമയെ പ്രശംസിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കേരളത്തില്‍ ഇറങ്ങിയതില്‍ വെച്ച് വ്യത്യസ്തമായ സിനിമയാണ് എമ്പുരാന്‍ എന്നും ലോക സിനിമയോട് കിടപിടിക്കുന്ന സിനിമയില്‍ സാമൂഹികമായ പല പ്രശ്‌നങ്ങളും പ്രതിഫലിപ്പിക്കുന്നുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.
നമ്മുടെ നാട്ടിലെ ജനങ്ങള്‍ കാണേണ്ട സിനിമയാണ്. തന്റേടത്തോടെ സിനിമയെടുത്ത പൃഥ്വിരാജിനെ അഭിനന്ദിക്കുന്നു. സിനിമയാകുമ്പോള്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പലതും ഉന്നയിക്കും. കലാരൂപത്തെ കലാരൂപമായി കണ്ട് ആസ്വദിക്കണമെന്നും സജി ചെറിയാന്‍ പറഞ്ഞു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കത്തിവെപ്പാണ് റീ സെന്‍സറിംഗ്. ഇതിന് മുമ്പ് ഇതിനേക്കാള്‍ ശക്തമായ പ്രമേയങ്ങള്‍ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. തെറ്റിദ്ധാരണയുണ്ടാക്കി ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കേണ്ടതില്ല. എല്ലാവരും സിനിമ കാണുക. വര്‍ഗീയത അപകടമാണ്. വര്‍ഗീയതയ്‌ക്കെതിരായ ആശയ പ്രചാരണം നടത്താന്‍ എമ്പുരാന്‍ ടീം മുന്നോട്ട് വന്നതിനെ അഭിനന്ദിക്കുന്നു. മോഹന്‍ലാലിന്റെ ഖേദപ്രകടനം അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും സജി ചെറിയാന്‍ പറഞ്ഞു.
നമ്മളെല്ലാവരും ഒന്നാണ്. ഇന്ത്യക്കാരാണ് എന്നാണ് സിനിമയുടെ ആശയം. അതില്‍ കത്തിവെക്കേണ്ടതില്ല. നല്ല സിനിമയാണ്. എല്ലാവരും കാണണമെന്നും സജി ചെറിയാന്‍ പറഞ്ഞു.
Content Highlights: Saji Cheriyan Praise prithviraj sukumaran and empuraan team