
കൊല്ലം : കൊല്ലം കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിലെ മുഖ്യ പ്രതികളിൽ ഒരാൾ കൂടി പിടിയിൽ. കൊലപാതകസംഘത്തിൽ ഉണ്ടായിരുന്ന സോനുവാണ് പിടിയിലായത്. വള്ളിക്കുന്നത്തു നിന്നും ഓച്ചിറ പൊലീസാണ് പ്രതിയെ പിടികൂടിയത്.
ഇതോടെ നാല് പ്രധാനപ്രതികളാണ് കേസിൽ പിടിയിലായത്. അതേ സമയം പൊലീസിനെ വെട്ടിച്ച് കഴിഞ്ഞദിവസം രക്ഷപ്പെട്ട കൊലക്കേസിലെ പ്രധാനപ്രതി അലുവ അതുലിനെ ഇനിയും കണ്ടെത്താനായിട്ടില്ല. എന്നാൽ അലുവ അതുലിൻ്റെ വീട്ടിൽ നിന്നും എയർ പിസ്റ്റളും മഴുവും വെട്ടുകത്തിയും കണ്ടെത്തിയിട്ടുണ്ട്. കരുനാഗപ്പള്ളി പൊലീസ് നടത്തിയ പരിശോധനയിലാണ് തോക്കും മാരകായുധങ്ങളും കണ്ടെത്തിയത്.
കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന ഗുണ്ടാനേതാവ് സന്തോഷിനെയാണ് മാർച്ച് 27-ന് ഗുണ്ടാസംഘം കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം. കറണ്ട് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. വവ്വാക്കാവിലും സംഘം ഒരാളെ വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി അനീറിനെയാണ് വെട്ടിയത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞിരുന്നു.
content highlights : Santosh murder; One more arrested; Air pistol and machete found at Aluva Atul's house