
തൃശൂര്‍: എമ്പുരാന്‍ വിവാദം കത്തിനില്‍ക്കെ ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജിന് പിന്തുണയുമായി സാഹിത്യകാരി സാറാ ജോസഫ്. ഭീരുക്കള്‍ വെട്ടിമാറ്റിയ ചരിത്രസത്യങ്ങള്‍ ഏച്ചുകൂട്ടാന്‍ കൈക്കരുത്തുള്ള ഒരു തലമുറ താങ്കള്‍ക്കൊപ്പമുണ്ടെന്ന് സാറാ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.
എമ്പുരാനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായപ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയിലും പുറത്തും നിറയുകയാണ്. കേരളത്തില്‍ ഇറങ്ങിയതില്‍ വെച്ച് വ്യത്യസ്തമായ സിനിമയാണ് എമ്പുരാന്‍ എന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. എന്നും ലോക സിനിമയോട് കിടപിടിക്കുന്ന സിനിമയില്‍ സാമൂഹികമായ പല പ്രശ്നങ്ങളും പ്രതിഫലിപ്പിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ ജനങ്ങള്‍ കാണേണ്ട സിനിമയാണ്. തന്റേടത്തോടെ സിനിമയെടുത്ത പൃഥ്വിരാജിനെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. സിനിമയെ സിനിമയായി കാണണമെന്ന അഭിപ്രായവുമായി നടന്‍ ആസിഫ് അലിയും രംഗത്തെത്തി. അതിനിടെ പൃഥ്വിരാജിനേയും കുടുംബത്തേയും അധിക്ഷേപിക്കുന്ന പരാമര്‍ശമായിരുന്നു ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ നടത്തിയത്. പൃഥ്വിരാജിന്റെ ഭാര്യ അര്‍ബന്‍ നക്‌സല്‍ ആണെന്നും മല്ലികാ സുകുമാരന്‍ ആദ്യം മരുമകളെ നിലയ്ക്ക് നിര്‍ത്തണമെന്നുമായിരുന്നു ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പ്രേക്ഷകര്‍ കാത്തിരുന്ന എമ്പുരാന്‍ തീയറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും ഉയര്‍ന്നു. ഗോധ്ര സംഭവും ഗുജറാത്ത് കലാപവും അടക്കമുള്ള വിഷയങ്ങള്‍ ചിത്രത്തില്‍ പ്രതിപാദിച്ചത് ചൂണ്ടിക്കാട്ടി സംഘ്പരിവാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം ഉയര്‍ന്നു. ഇതിന് പുറമേ പലരും ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്തു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ സംഘ്പരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്നുള്ള അഭിപ്രായപ്രകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറായില്ല. സിനിമയെ സിനിമയായി കാണണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും വ്യക്തമാക്കി. ഇതിന് ശേഷവും സിനിമയ്‌ക്കെതിരെ പ്രതിഷേധം കനത്തു. ഇതോടെ ചിത്രം റീ എഡിറ്റ് ചെയ്യാന്‍ അണിറപ്രവര്‍ത്തകര്‍ തീരുമാനിച്ചു.
ഇതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍ രംഗത്തെത്തി. തന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞുവെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. ഒരു കലാകാരന്‍ എന്ന നിലയില്‍ തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് കടമയാണ്. അതുകൊണ്ടുതന്നെ തന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ഈ കുറിപ്പ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. എമ്പുരാൻ റീ എഡിറ്റ് വേർഷൻ നാളെ തീയറ്ററുകളിൽ എത്തും.
Content Highlights- Sara joseph support to pritviraj over empuraan controversy