'ഗുജറാത്ത് വംശഹത്യ സംഘ്പരിവാര്‍ സൃഷ്ടി'; ഡോക്യുമെന്ററി പ്രദര്‍ശനത്തിന് എസ്എഫ്‌ഐ

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുകയും ചരിത്രത്തെ അപനിര്‍മിക്കുകയും ചെയ്യുന്ന കേന്ദ്രഭരണകൂടത്തിന്റെ നീക്കം അനുവദിക്കാനാകില്ലെന്ന് എസ്എഫ്‌ഐ

dot image

തിരുവനന്തപുരം: എമ്പുരാന്‍ വിവാദം കത്തിനില്‍ക്കെ പ്രതിഷേധം കടുപ്പിക്കാന്‍ എസ്എഫ്‌ഐ. ഗുജറാത്ത് വംശഹത്യയുടെ ചരിത്രം പറയുന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനമുള്‍പ്പെടെ വിപുലമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എസ്എഫ്‌ഐ അറിയിച്ചു. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുകയും ചരിത്രത്തെ അപനിര്‍മിക്കുകയും ചെയ്യുന്ന കേന്ദ്രഭരണകൂടത്തിന്റെ നീക്കം അനുവദിക്കാനാകില്ലെന്നും എസ്എഫ്‌ഐ പ്രസ്താവനയിലൂടെ അറിയിച്ചു.

എമ്പുരാന്റെ റിലീസിന് ശേഷം രാജ്യത്ത് സംഘപരിവാര്‍ സൃഷ്ടിച്ച വിദ്വേഷ പ്രചാരണം അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും എസ്എഫ്‌ഐ പറഞ്ഞു. ഗുജറാത്തില്‍ ആര്‍എസ്എസ് ആസൂത്രിതമായി നടപ്പാക്കിയ രാജ്യ ചരിത്രത്തിലെ ഏറ്റവും മൃഗീയവും ഭയാനകവുമായ വംശഹത്യയെ വിമര്‍ശനാത്മകമായി ആവിഷ്‌കരിച്ച സിനിമാ ഭാഗം മുന്‍നിര്‍ത്തിയാണ് വിപുലമായ വിദ്വേഷ പ്രചാരണം നടക്കുന്നത്. കേന്ദ്രാധികാരം കയ്യാളുന്ന സംഘപരിവാര്‍ ഭരണനേതൃത്വം പിന്നിട്ട വഴികളില്‍ നടത്തിയ ക്രൂരമായ ഹിംസകള്‍ ഭാവിതലമുറ ചര്‍ച്ച ചെയ്യപ്പെടുന്നതിലുള്ള ആശങ്കയും അസ്വസ്ഥതയുമാണ് സംഘപരിവാരം പ്രകടമാക്കുന്നതെന്നും എസ്എഫ്‌ഐ പറഞ്ഞു.

എസ്എഫ്‌ഐ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

ഗുജറാത്ത് വംശഹത്യ സംഘപരിവാര്‍ സൃഷ്ടി
ഏരിയ കേന്ദ്രങ്ങളില്‍ ഡോക്യൂമെന്ററി പ്രദര്‍ശനം സംഘടിപ്പിക്കും: എസ്എഫ്‌ഐ

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുകയും ചരിത്രത്തെ അപനിര്‍മിക്കുകയും ചെയ്യുന്ന കേന്ദ്രഭരണകൂടത്തിന്റെ നീക്കം അനുവദിക്കാനാകില്ല. 'എമ്പുരാന്‍' സിനിമ റിലീസ് ചെയ്യപ്പെട്ടതിന് ശേഷം രാജ്യത്ത് സംഘപരിവാര്‍ സൃഷ്ടിച്ച വിദ്വേഷ പ്രചാരണം അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.

ഗുജറാത്തില്‍ ആര്‍. എസ്. എസ് ആസൂത്രിതമായി നടപ്പാക്കിയ രാജ്യ ചരിത്രത്തിലെ ഏറ്റവും മൃഗീയവും ഭയാനകവുമായ വംശഹത്യയെ വിമര്‍ശനാത്മകമായി ആവിഷ്‌കരിച്ച സിനിമാ ഭാഗം മുന്‍നിര്‍ത്തിയാണ് വിപുലമായ വിദ്വേഷ പ്രചാരണം നടക്കുന്നത്. കേന്ദ്രാധികാരം കയ്യാളുന്ന സംഘപരിവാര്‍ ഭരണനേതൃത്വം പിന്നിട്ട വഴികളില്‍ നടത്തിയ ക്രൂരമായ ഹിംസകള്‍ ഭാവിതലമുറ ചര്‍ച്ച ചെയ്യപ്പെടുന്നതിലുള്ള ആശങ്കയും അസ്വസ്ഥതയുമാണ് സംഘപരിവാരം പ്രകടമാക്കുന്നത്.

കേരളത്തെ തീവ്രവാദത്തിന്റെ ഹബ്ബായി ചിത്രീകരിക്കുന്ന'കേരള സ്റ്റോറി' എന്ന പ്രൊപ്പഗാണ്ട മൂവി റിലീസായപ്പോള്‍ ജനാധിപത്യപരമായി ഉയര്‍ന്ന വിമര്‍ശനങ്ങളെ പോലും ചെവിക്കൊള്ളാത്തവരാണ് ഇപ്പോള്‍ മലയാളത്തിന്റെ അഭിമാന പ്രതിഭകളായ മോഹന്‍ലാലും പൃഥ്വിരാജും അടക്കമുള്ള 'എമ്പുരാന്‍' അണിയറ പ്രവര്‍ത്തകര്‍ക്കും,

കുടുംബങ്ങള്‍ക്കുമെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ തകര്‍ത്താടുന്നത്.
പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീയുടെ അടിവയറ്റിലേക്ക് ത്രിശൂലം കുത്തിയിറക്കി പിഞ്ചുകുഞ്ഞിനെ പുറത്തെടുത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ചുകളയുന്ന നിലയിലുള്ള ക്രൂരമായ 'ഗുജറാത്ത് മോഡല്‍' വംശഹത്യ നടപ്പിലാക്കി രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് കടന്നുവന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ഭരണകൂടം നിരന്തരമായി തുടരുന്ന വര്‍ഗീയ വിഭജന തന്ത്രം എമ്പുരാന്‍ തുറന്നു കാട്ടിയ പശ്ചാത്തലത്തില്‍ എമ്പുരാനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പടച്ചുവിട്ട വിദ്വേഷ പ്രചാരണങ്ങള്‍ ഏറ്റെടുത്ത് സിനിമയെ റീസെന്‍സര്‍ ചെയ്യാനും, യഥാര്‍ത്ഥ ചരിത്രത്തെ വളച്ചൊടിക്കാനുമുള്ള കേന്ദ്രഭരണകൂടത്തിന്റെ നീക്കത്തോട് മൗനം പാലിക്കാന്‍ എസ്എഫ്‌ഐ തയ്യാറല്ല.

കേരളത്തിലെ മുഴുവന്‍ ഏരിയ കേന്ദ്രങ്ങളിലും ഗുജറാത്ത് വംശഹത്യയുടെ ചരിത്രം പറയുന്ന ഡോക്യുമെന്ററി പ്രദര്‍ശനമുള്‍പ്പെടെ സംഘപരിവാര്‍ വെട്ടിമാറ്റാന്‍ ശ്രമിച്ച ചരിത്രവസ്തുതയെ തുറന്നു കാണിക്കാനുതകുന്ന വിപുലമായ പ്രചാരണ ക്യാമ്പയിനുകള്‍ക്ക് സംഘടന നേതൃത്വം നല്‍കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

Content Highlights- SFI will protest against sanghparivar over empuraan controversy

dot image
To advertise here,contact us
dot image