
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 51-ാം ദിവസത്തിലേക്ക്. തല മുണ്ഡനം ചെയ്തതുള്‍പ്പടെ പ്രതിഷേധം കടുപ്പിച്ചതോടെ വീണ്ടും സര്‍ക്കാര്‍ തല ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമരക്കാര്‍. ആവശ്യങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ സമരം കടുപ്പിക്കാനാണ് നീക്കം.
ആശമാരുടെ നിരാഹാര സമരം ഇന്ന് 13ാം ദിവസത്തിലേക്ക് കടക്കുകയാണ്. വരും ദിവസങ്ങളില്‍ വ്യത്യസ്ത സമര രീതികളുമായി, കൂടുതല്‍ പേരെ അണിനിരത്തിക്കൊണ്ട് സമരം ശക്തിപ്പെടുത്തും. കൂടുതല്‍ പേര്‍ പിന്തുണയുമായി എത്തുമെന്നാണ് കണക്ക് കൂട്ടല്‍. ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ആശമാര്‍ സമരം തുടങ്ങിയത്.
അതേസമയം സമരത്തെ വിമര്‍ശിച്ച് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസവും രംഗത്ത് വന്നിരുന്നു. മുടിമുറിച്ച് പ്രതിഷേധിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന് മുന്നിലാണെന്നും, ആര്‍ജ്ജവം ഉണ്ടെങ്കില്‍ കേരളത്തിലെ കേന്ദ്രമന്ത്രിമാര്‍ ആശമാരെ തൊഴിലാളികളായി പരിഗണിക്കണമെന്ന ആവശ്യം കേന്ദ്രത്തോട് പറയണമെന്നും വി ശിവന്‍കുട്ടി വെല്ലുവിളിച്ചിരുന്നു.
Content Highlights: asha strike in 51 days hunger strike continue