
തൃശ്ശൂർ: എമ്പുരാനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയ ബിജെപി പ്രവർത്തകൻ വി വി വിജീഷിനെ പ്രാഥമിക അംഗത്വത്തിൽ ബിജെപി സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇയാൾ ഹർജി നൽകിയതെന്നാണ് വിവരം. വിജീഷിനെ തള്ളി ജില്ലാ നേതൃത്വം തന്നെ രംഗത്തെത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ നിലപാട് കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നും വിജീഷ് ഹൈക്കോടതിയെ സമീപിച്ചതിൽ ബിജെപിക്ക് അറിവില്ലെന്നും ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് വ്യക്തമാക്കിയിരുന്നു.
ചിത്രത്തിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടാണ് വിജീഷ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. മതവികാരം വ്രണപ്പെടുത്തുന്നതാണ് ചലച്ചിത്രമെന്നായിരുന്നു ഹർജിയിലെ വാദം. കലാപം സൃഷ്ടിക്കാനാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ശ്രമം. രാജ്യ വിരുദ്ധത പ്രചരിപ്പിക്കുന്നതാണ് എമ്പുരാൻ. ദേശീയ അന്വേഷണ ഏജൻസികളെ തെറ്റായി ചിത്രീകരിക്കുകയാണ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ അന്വേഷണം നടത്തണമെന്നും ഹർജിയിൽ പറയുന്നു.
മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, പൃഥ്വിരാജ് സുകുമാരൻ, ഗോകുലം ഗോപാലൻ, സുഭാസ്‌കരൻ, ഇഡി ഡയറക്ടർ, സംസ്ഥാന പൊലീസ് മേധാവി, കേന്ദ്ര നികുതി ബോർഡ് ചെയർമാൻ, കേന്ദ്ര വാർത്താവിനിമയ സംപ്രേക്ഷണ മന്ത്രാലയം, സെൻസർ ബോർഡ് ചെയർമാൻ ഉൾപ്പടെയുള്ളവരാണ് എതിർകക്ഷികൾ. ഗോധ്ര കലാപത്തെ കുറിച്ച് അനാവശ്യ പരാമർശം നടത്തുന്നുവെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.
Content Highlights: BJP suspends Vijeesh from primary membership for the Petition against Empuraan