
കൊച്ചി: വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ചില്ലെങ്കിൽ കേരളത്തിലെ എംപിമാരുടെ മതമൗലിക വാദ നിലപാട് ചരിത്രമാകുമെന്ന് ദീപിക മുഖപ്രസംഗത്തിൽ ലേഖനം. ബില്ലിനെ കുറിച്ച് സിപിഐഎമ്മിനും കോൺഗ്രസിനും ഇനിയും മനസ്സിലായിട്ടില്ലെങ്കിൽ ഒന്നും പറയാനില്ല. മുനമ്പത്തെ ജനങ്ങളെ സഹായിക്കുമെന്ന് പറയുന്ന ഭരണപക്ഷവും പ്രതിപക്ഷവും പാർലമെന്റിൽ ഇരട്ടത്താപ്പ് കാണിക്കുകയാണ്. ചില സമുദായങ്ങളുടെ വോട്ട് പരമ്പരാഗതമായി തങ്ങൾക്കുള്ളതാണെന്നും മറ്റു ചിലരുടേത് കാലാകാലങ്ങളിൽ പരിഗണിച്ചില്ലെങ്കിൽ നഷ്ടപ്പെടും എന്നുള്ള ധാരണയാകാം കോൺഗ്രസിനും സിപിഐഎമ്മിനുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
വഖഫ് ഭേദഗതി ബില്‍ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും പാര്‍ലമെന്റില്‍ വെക്കും. ഇന്‍ഡ്യ മുന്നണി അതിനെ എതിര്‍ക്കുകയാണെങ്കില്‍ മുനമ്പത്തെ നൂറുകണക്കിന് കുടുംബങ്ങളെ തെരുവിലിറക്കാന്‍ ഇടയാക്കിയ വഖഫ് നിയമം ഭേദഗതി ചെയ്യാന്‍ കോണ്‍ഗ്രസിനോടും സിപിഐഎമ്മിനോടും ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
'വഖഫ്-പാർലമെന്റിലെ മതേതരത്വ പരീക്ഷ' എന്ന തലക്കെട്ടോടുകൂടിയാണ് മുഖപ്രസംഗം. ഭേദഗതിയെ അനുകൂലിച്ചില്ലെങ്കിൽ മതേതരത്വ തലമുറയോട് കണക്ക് പറയേണ്ടിവരുമെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.
'ബില്ല് പാസാക്കിയാൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് ഹാരിസ് ബീരാൻ എംപി പറഞ്ഞു. തീർച്ചയായും അവർക്കതിന് അവകാശമുണ്ട്. പക്ഷേ, ഭരണഘടന ഉറപ്പുനൽകുന്ന ഇതേ അവകാശത്തിനുവേണ്ടിയാണ് മുനമ്പത്തെ മനുഷ്യർ സമരപ്പന്തലിൽ ഇരിക്കുന്നതെന്നുകൂടി മനസിലാക്കിയാൽ കൊള്ളാം. ഭൂമി കൈവശപ്പെടുത്തിയ മതബോർഡിനെതിരെ അതിന്റെ ഭാഗമായ ട്രൈബ്യൂണലിനെ സമീപിക്കുന്നതിനു പകരം നേരിട്ടു കോടതിയിൽ പോകാൻ ഇരകൾക്കു സാധിക്കണം. ഈ രാജ്യത്തെ നിയമം അനുസരിച്ചു കാശുകൊടുത്തു വാങ്ങിയ ഭൂമിക്കുവേണ്ടി മറ്റൊരു മതത്തിന്റെയും ട്രൈബ്യൂണൽ പടിക്കൽ കാത്തുകെട്ടി കിടക്കേണ്ട ഗതികേട് ഹാരിസ് ബീരാന് ഉൾപ്പെടെയുള്ള വഖഫ് ആരാധകർക്കില്ല', മുഖപ്രസംഗത്തിൽ പറയുന്നു.
Content Highlights: Deepika's editorial in support of the Waqf Amendment Bill