
ന്യൂഡൽഹി: 'എമ്പുരാൻ' സിനിമ പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എ എ റഹീം എംപി നോട്ടീസ് നൽകി. ചട്ടം 267 പ്രകാരം നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. സംവിധായകൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർക്കെതിരെ നടക്കുന്ന തുടർച്ചയായ സൈബർ ആക്രമണം അടക്കം ഉൾപ്പെടുത്തി വിഷയം ചർച്ച ചെയ്യണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു.
അതേസമയം വിവാദങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ എമ്പുരാൻ റീ എഡിറ്റഡ് വേർഷൻ ഇന്നാണ് തിയറ്ററുകളിൽ പ്രദർശനത്തിനെത്തുക. ആദ്യ ഭാഗങ്ങളിലെ 2 മിനിറ്റ് 8 സെക്കന്റ് രംഗം വെട്ടി മാറ്റിയാണ് ചിത്രം വീണ്ടും തീയേറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിൽ ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഒഴിവാക്കിയിട്ടുണ്ട്. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് മാറ്റിയും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജൻസികളുടെ ബോർഡും വെട്ടി മാറ്റിയാണ് റി എഡിറ്റിംഗ്.
റീ എഡിറ്റിംഗ് നടത്തിയിട്ടുണ്ട് എങ്കിലും ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവർത്തകർ. സിനിമ വീണ്ടും എഡിറ്റ് ചെയ്യാം എന്ന തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണ് എന്ന് മോഹൻലാൽ പറയുമ്പോഴും സിനിമയുടെ തിരക്കഥാകൃത്ത് മുരളി ഗോപിക്ക് വിയോജിപ്പുണ്ട് എന്നാണ് വിവരം. വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മുരളി ഗോപി. അതേസമയം, റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിട്ടപ്പോൾ ചിത്രം 200 കോടി ക്ലബ്ബിലെത്തി. നാലേകാൽ ലക്ഷം ടിക്കറ്റുകളാണ് വിറ്റ് പോയത്. 48 മണിക്കൂറുകൾക്കുള്ളിൽ ചിത്രം 100 കോടി ക്ലബ്ബിലെത്തിയിരുന്നു.
Content Highlights: Empuraan Movie discussion AA Rahim MP Give Notice in Parliament