
കൊച്ചി: മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ പുതിയ പതിപ്പ് എത്തുന്നത് 24 വെട്ടുകളുമായി. ചിത്രത്തിലെ ബലാത്സംഗ ദൃശ്യങ്ങളും സ്ത്രീകളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും ഒഴിവാക്കി. ചിത്രത്തിലെ വില്ലന്റെ പേര് ബാബു ബജ്‌രംഗി എന്നതിന് പകരം ബല്‍ദേവ് എന്നാക്കി. പതിനാല് സീനുകളില്‍ പേര് മാറ്റിയിട്ടുണ്ട്. കാണാനില്ല എന്ന പത്രവാര്‍ത്തയിലെ പേരും ബല്‍ദേവ് എന്നാക്കി മാറ്റിയിട്ടുണ്ട്. മൂന്നിടത്ത് വില്ലന്റെ രംഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തു.
വില്ലനും സഹായിയും സംസാരിക്കുന്ന ദൃശ്യങ്ങളും വെട്ടി. കലാപം നടക്കുന്ന സമയം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നാക്കി. എന്‍ഐഎ എന്ന വാക്ക് മ്യൂട്ട് ചെയ്തു. ഇതിന് പുറമേ കാറിന്റെ നെയിം ബോര്‍ഡും ടിവിയിലെ വാര്‍ത്തയുടെ ദൃശ്യങ്ങളും മസൂദും സയിദ് മസൂദും തമ്മിലുള്ള സംഭാഷണവും മാറ്റി. മൃതദേഹങ്ങള്‍ കൂട്ടത്തോടെ കാണിക്കുന്നതും ഒഴിവാക്കി.
മതപരമായ രൂപങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ പോകുന്ന മൂന്ന് സീനുകള്‍ കട്ട് ചെയ്തു. മതപ്രതീകം ഒഴിവാക്കിയിട്ടുണ്ട്. 'പീതാംബര'ന്റെ ഒരു ഭാഗത്തെ ദൃശ്യം ഒഴിവാക്കി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടേയും ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ജ്യോതിസ് മോഹന്റെയും പേരുകള്‍ താങ്ക്‌സ് കാര്‍ഡില്‍ നിന്ന് ഒഴിവാക്കി.
Content Highlights- Empuran new version has 24 cuts after recensoring