
പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട ഏരിയ സെക്രട്ടറിയുടെ ഭീഷണി നേരിട്ട നാരങ്ങാനം വില്ലേജ് ഓഫീസർ ജോസഫ് ജോർജ് ഇന്ന് മുതൽ തിരികെ ജോലിയിൽ പ്രവേശിക്കും. നാരങ്ങാനം വില്ലേജ് ഓഫീസിൽ തന്നെയായിരിക്കും അദ്ദേഹം തിരികെ എത്തുക.
സിപിഐഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി സഞ്ജുവുമായുള്ള പ്രശ്നങ്ങൾ പറഞ്ഞ് തീർത്തതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം തിരികെ കയറുന്നത്. പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല എന്ന് എം വി സഞ്ജു അറിയിക്കുകയും ചെയ്തു. നികുതി കുടിശ്ശിക അടയ്ക്കാമെന്നും ഏരിയാ സെക്രട്ടറി അറിയിച്ചെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു.
നികുതി കുടിശ്ശിക ചോദിച്ചതിന് ഓഫീസിൽ കയറി വെട്ടുമെന്ന ഏരിയാ സെക്രട്ടറിയുടെ ഭീഷണി വിവാദമായിരുന്നു. ഭീഷണിക്ക് പിന്നാലെ വില്ലേജ് ഓഫീസർ ജോസഫ് ജോർജ് അവധിയിൽ പ്രവേശിച്ചിരുന്നു. ഉദ്യോഗസ്ഥൻ കൈക്കൂലിക്കാരനാണ് എന്നായിരുന്നു സിപിഐഎം ആരോപണം.
സിപിഐഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും സ്ഥലംമാറ്റം വേണമെന്നും ആവശ്യപ്പെട്ടാണ് നേരത്തെ വില്ലേജ് ഓഫീസർ രംഗത്ത് എത്തിയത്. പത്തനംതിട്ട ജില്ലാ കളക്ടർക്ക് നൽകിയ അവധി അപേക്ഷയിലായിരുന്നു അദ്ദേഹം സ്ഥലംമാറ്റം ആവശ്യപ്പെട്ടത്. നാരങ്ങാനം വില്ലേജ് ഓഫീസിൽ ഇനി ജോലി ചെയ്യാൻ ഭയമാണെന്നാണ് ജോസഫ് ജോർജ് പറഞ്ഞത്. ഭീഷണി ഫോൺ കോളുകൾ വന്നെന്ന വില്ലേജ് ഓഫീസറുടെ പരാതി കളക്ടർ പൊലീസിന് കൈമാറിയിരുന്നു.
Content Highlights :Naranganam Village Officer returns to work after facing threats from Area Secretary