
കൊച്ചി: എമ്പുരാൻ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. ചിത്രത്തിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് തൃശൂരിലെ ബിജെപി നേതാവ് വി വി വിജീഷാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. മതവികാരം വ്രണപ്പെടുത്തുന്നതാണ് ചലച്ചിത്രമെന്നാണ് ഹർജിയിലെ വാദം. കലാപം സൃഷ്ടിക്കാനാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ശ്രമം. രാജ്യ വിരുദ്ധത പ്രചരിപ്പിക്കുന്നതാണ് എമ്പുരാൻ. ദേശീയ അന്വേഷണ ഏജൻസികളെ തെറ്റായി ചിത്രീകരിക്കുകയാണ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ അന്വേഷണം നടത്തണമെന്നും ഹർജിയിൽ പറയുന്നു.
മോഹൻലാൽ, ആന്റണി പെരുമ്പാവൂര്‍, പൃഥ്വിരാജ് സുകുമാരന്‍, ഗോകുലം ഗോപാലന്‍, സുഭാസ്‌കരന്‍, ഇഡി ഡയറക്ടര്‍, സംസ്ഥാന പൊലീസ് മേധാവി, കേന്ദ്ര നികുതി ബോര്‍ഡ് ചെയര്‍മാന്‍, കേന്ദ്ര വാര്‍ത്താവിനിമയ സംപ്രേക്ഷണ മന്ത്രാലയം, സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവരാണ് എതിര്‍കക്ഷികള്‍. ഗോധ്ര കലാപത്തെ കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തുന്നുവെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.
കേന്ദ്ര സര്‍ക്കാരിന്റെയും അന്വേഷണ ഏജന്‍സികളുടെയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. പൃഥ്വിരാജ് നിരന്തരം എന്‍ഡിഎയെയും കേന്ദ്ര സര്‍ക്കാരിനെയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. നിര്‍മ്മാതാക്കളില്‍ പലരും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണ പരിധിയിലാണ്. നടന്‍ മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ ക്ഷമ പ്രകടിപ്പിച്ചു. ചലച്ചിത്രത്തിലെ ചില ഭാഗങ്ങള്‍ ചിലര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ സമ്മതിക്കുന്നുണ്ട്.
ആനക്കൊമ്പ് കേസിലെ പ്രതിയാണ് ചിത്രത്തിലെ പ്രധാന നടനായ മോഹന്‍ലാലെന്നും വി വി വിജീഷ് ആരോപിക്കുന്നു. ശ്രീലങ്കയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആളാണ് ലൈക പ്രൊഡക്ഷന്‍സ് ഉടമ സുഭാസ്‌കരന്‍ എന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
അതേസമയം, എല്ലാം ബിസിനസ് ആണെന്നായിരുന്നു എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം. ആളുകളെ ഇളക്കി വിട്ട് പണം ഉണ്ടാക്കുന്നുവെന്നും സുരേഷ് ഗോപി ആരോപിച്ചു.
വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ ആദ്യ ഭാഗങ്ങളിലെ 2 മിനിറ്റ് 8 സെക്കന്റ് രംഗം വെട്ടി മാറ്റി ചിത്രം ഇന്ന് വീണ്ടും പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ് ചിത്രം. ഗുജറാത്ത് കലാപത്തിന്റെ റഫറന്‍സുള്ള രംഗങ്ങളായിരുന്നു സംഘപരിവാറില്‍ നിന്നും വിമര്‍ശനമുണ്ടാക്കിയത്. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഒഴിവാക്കി. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് മാറ്റിയും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജന്‍സികളുടെ ബോര്‍ഡും വെട്ടിമാറ്റിയാണ് റീഎഡിറ്റിംഗ്.
Content Highlights: Petition filed in High Court against Empuraan