
കല്‍പ്പറ്റ: എമ്പുരാനില്‍ വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബജ്‌റംഗിയില്‍ നിന്ന് ബല്‍ദേവ് എന്ന് മാറ്റിയതില്‍ വിമര്‍ശനവുമായി ടി സിദ്ദിഖ് എംഎല്‍എ. ഇന്ത്യയുടെ ആദ്യ പ്രതിരോധമന്ത്രി ബല്‍ദേവ് സിങിന്റെ പേര് ഉപയോഗിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. കുട്ടികള്‍ പഠിക്കുന്ന ഇന്ത്യയുടെ ആദ്യ പ്രതിരോധമന്ത്രിയുടെ പേരാവാം, എന്നാല്‍ രാജ്യം കണ്ട കൊടുംകലാപകാരിയുടെ പേര് പാടില്ലെന്ന് ടി സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതാവും ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മന്ത്രിയുമായിരുന്നു ബല്‍ദേവ് സിങ്. അദ്ദേഹത്തിന്റെ പേര് ഈ സിനിമയില്‍ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലം കാണിക്കുമ്പോള്‍ ഉപയോഗിക്കുന്നത് ശരിയല്ല എന്ന വാദമുയര്‍ത്തി സിനിമയെ എതിര്‍ക്കാന്‍ തങ്ങളില്ലെന്നും ടി സിദ്ദിഖ് പറഞ്ഞു. ഏത് പേര് ഉപയോഗിക്കണമെന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണ്. അത് അവര്‍ ഉപയോഗിക്കട്ടെ. എന്നാല്‍ സംഘ്പരിവാറിന്റെ ഭീഷണിയില്‍ ഒരു വില്ലന്റെ പേര് മാറ്റുന്നത് ശരിയാണോ എന്ന് അവര്‍ ആലോചിക്കണമെന്നും ടി സിദ്ദിഖ് പറഞ്ഞു.
നേരത്തേ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് താഴെ പ്രതികരണവുമായി ടി സിദ്ദിഖ് രംഗത്തെത്തിയിരുന്നു. സംഘ്പരിവാറിന് താല്പര്യമില്ലാത്ത സീനുകള്‍ വെട്ടി മാറ്റി എമ്പുരാന്‍ വരുമ്പോള്‍ കോണ്‍ഗ്രസിനെയും സിപിഐഎമ്മിനെയും വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ കൂടി വെട്ടി മാറ്റുമോ എന്നായിരുന്നു ടി സിദ്ദിഖ് ചോദിച്ചത്. അങ്ങനെ വെട്ടിയാല്‍ മൂന്ന് മണിക്കൂര്‍ സിനിമ മൂന്ന് മിനിറ്റുള്ള റീല്‍സ് ആയി കാണാമെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.
ടി സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എംപുരാന്‍ സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന്റെ 'ബജ്‌റംഗി' എന്ന പേര് മാറ്റി 'ബല്‍ദേവ്'എന്നാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതാവും ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മന്ത്രിയുമായിരുന്നു ബല്‍ദേവ് സിംഗ്. അദ്ദേഹത്തിന്റെ പേര് ഈ സിനിമയില്‍ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലം കാണിക്കുമ്പോള്‍ ഉപയോഗിക്കുന്നത് ശരിയല്ല എന്ന വാദമുയര്‍ത്തി സിനിമയെ എതിര്‍ക്കാന്‍ ഞങ്ങളില്ല.
ഏത് പേര് ഉപയോഗിക്കണമെന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണ്. അത് അവര്‍ ഉപയോഗിക്കട്ടെ..! എന്നാല്‍ സംഘ്പരിവാറിന്റെ ഭീഷണിയില്‍ ഒരു വില്ലന്റെ പേര് മാറ്റുന്നത് ശരിയാണോ എന്ന് അവര്‍ ആലോചിക്കണം.
കുട്ടികള്‍ പഠിക്കുന്ന ഇന്ത്യയുടെ ആദ്യ പ്രതിരോധമന്ത്രിയുടെ പേരാവാം, എന്നാല്‍ രാജ്യം കണ്ട കൊടുംകലാപകാരിയുടെ പേരാവാന്‍ പാടില്ല. അതാണ് ഇന്നത്തെ ഇന്ത്യ. സെന്‍സര്‍ബോര്‍ഡ്. ചിത്രത്തില്‍ നെഹ്‌റുവിനൊപ്പം നില്‍ക്കുന്ന ബല്‍ദേവ് സിംഗ്.
Content Highlights- T Siddhique mla again slam sanghparivar over empuraan controversy