
പാലക്കാട്: ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറി ജഗദീഷിനെ താക്കീത് ചെയ്യുന്ന പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിന്റെ ഓഡിയോ സംഭാഷണം പുറത്ത്. എംഎൽഎയുടെ സഹോദരിയെ ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറി അപമാനിച്ചെന്ന് ആരോപിച്ച് ഫോണില്‍ വിളിച്ച് കയർത്ത് സംസാരിക്കുകയായിരുന്ന ശബ്ദഭാഗമാണ് പുറത്തുവന്നത്. വിവാഹം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിനായി പഞ്ചായത്തിലെത്തിയതായിരുന്നു എംഎൽഎയുടെ സഹോദരി.
വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ സഹോദരിയെ അപമാനിച്ചുവെന്നാണ് എംഎൽഎ പറയുന്നത്. 'വീട്ടിലെ സ്ത്രീകളോട് മാന്യമായി സംസാരിച്ചില്ലെങ്കിൽ മോന്തയ്ക്ക് രണ്ട് തന്നിട്ടേ സംസാരിക്കൂവെന്ന്' എംഎൽഎ പറയുന്നു. അതേസമയം വനിതാ അംഗങ്ങളോട് അടക്കം മോശമായ രീതിയിൽ സംസാരിച്ചത് കൊണ്ടാണ് സെക്രട്ടറിയെ വിളിച്ച് താക്കീത് നൽകിയതെന്നാണ് എംഎൽഎയുടെ വിശദീകരണം. മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ ഓഡിയോ ഇപ്പോൾ പുറത്തുവിട്ടത് പ്രത്യേക രാഷ്ട്രീയ ലക്ഷ്യം ഉന്നംവെച്ചാണെന്നും എംഎൽഎ മുഹമ്മദ് മുഹ്സിൻ പറയുന്നു.
എന്നാല്‍ താൻ എംഎൽഎയുടെ സഹോദരിയെ അപമാനിച്ചിട്ടില്ലെന്നും രേഖകൾ മാത്രമാണ് ചോദിച്ചതെന്നും പഞ്ചായത്ത് സെക്രട്ടറി ജഗദീഷും പ്രതികരിച്ചു. 2025 ജനുവരി 20-നായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. പഞ്ചായത്ത് സെക്രട്ടറിക്ക് കഴിഞ്ഞദിവസം സ്ഥലം മാറ്റം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓഡിയോ സന്ദേശം പുറത്തായത്. അദാലത്തുമായി ബന്ധപ്പെട്ട വീഴ്ചകളെ തുടർന്നാണ് സെക്രട്ടറിക്ക് സ്ഥലംമാറ്റം ലഭിച്ചതെന്നാണ് എംഎൽഎ പറയുന്നത്.
content highlights : 'If you don't speak respectfully to women; Pattambi MLA threatens