
കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയിലെ ആദിവാസി യുവാവ് ഗോകുലിന്റേത് കൊലപാതകമെന്ന് കുടുംബം. പൊലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് കുടുംബം പറഞ്ഞു. പൊലീസ് നേരത്തെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗോകുലിനെ കിട്ടിയാല്‍ വിടില്ലെന്ന് കല്‍പ്പറ്റ സിഐ പറഞ്ഞതായും കുടുംബം ആരോപിച്ചു. മൃതദേഹം വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് എടുക്കാന്‍ അനുവദിക്കില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
അതിനിടെ ഗോകുലിന് പ്രായപൂര്‍ത്തിയായില്ലെന്ന് തെളിയിക്കുന്ന രേഖ റിപ്പോര്‍ട്ടറിന് ലഭിച്ചു. നിയമവിരുദ്ധമായാണ് പ്രായപൂര്‍ത്തിയാകാത്ത ഗോകുലിനെ സ്റ്റേഷനില്‍ എത്തിച്ചത്. ആധാര്‍ കാര്‍ഡില്‍ 2007 മെയ് 30 ആണ് ഗോകുലിന്റെ ജനന തീയതിയായി രേഖപ്പെടുത്തിയിരിക്കുന്നത്. ഗോകുലിന് 17 വയസും 10 മാസവുമാണ് പ്രായം. എഫ്‌ഐആറില്‍ പൊലീസ് രേഖപ്പെടുത്തിയത് ഗോകുലിന്റെ ജനനവര്‍ഷം മാത്രമാണ്. ജനനത്തീയതി തെളിയിക്കുന്ന രേഖകളെല്ലാം പൊലീസ് കസ്റ്റഡിയിലാണ്. 17 വയസുകാരനെ പ്രായപൂര്‍ത്തിയായതായി കാട്ടിയത് പോക്‌സോ കേസില്‍ പ്രതിചേര്‍ക്കാനെന്നാണ് ഉയരുന്ന ആക്ഷേപം.
കഴിഞ്ഞ ദിവസമാണ് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ഗോകുലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുൻപ് ഗോകുലിനേയും പ്രദേശവാസിയായ പെൺകുട്ടിയേയും കാണാതായിരുന്നു. അന്വേഷണത്തിനിടെ മാര്‍ച്ച് 31ന് വൈകിട്ടോടെ ഇരുവരെയും കണ്ടെത്തി. ഇരുവരേയും കല്‍പ്പറ്റയിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. ഗോകുലിനെ പൊലീസ് സ്റ്റേഷനില്‍ തന്നെ നിര്‍ത്തി. ഇതിനിടെ ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞ് പോയ ഗോകുലിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ പൊലീസുകാര്‍ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Content Highlights: Kalpatta police station death case Gokul s family says his death is Murder