കരുനാഗപ്പള്ളി ജിം സന്തോഷ് കൊലക്കേസ്: പ്രതികള്‍ ഒളിച്ചിരുന്ന വീട്ടില്‍ നിന്ന് നാടന്‍ ബോംബ് കണ്ടെത്തി

പിടിയിലായ ഗുണ്ടാ നേതാവ് പങ്കജ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്

dot image

കൊല്ലം: കരുനാഗപ്പള്ളി ജിം സന്തോഷ് കൊലക്കേസില്‍ പ്രതികള്‍ ഒളിച്ചിരുന്ന വീട്ടില്‍ നിന്ന് നാടന്‍ ബോംബ് കണ്ടെത്തി. ബോംബ് സ്‌ക്വാഡ് എത്തി ബോംബ് നിര്‍വീര്യമാക്കി. പിടിയിലായ ഗുണ്ടാ നേതാവ് പങ്കജ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. ഓച്ചിറ ഞക്കനാല്‍ ഒളിസങ്കേതത്തില്‍ നിന്നാണ് നാടന്‍ ബോംബ് കണ്ടെത്തിയത്.

കൊലപാതകം നടത്തിയ ശേഷം പ്രതികള്‍ ഇവിടെയാണ് ഒളിവില്‍ താമസിച്ചത്. പ്രതികള്‍ ഉപയോഗിച്ച വസ്ത്രങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. ഇന്നലെ നടത്തിയ പരിശോധനയിലും സ്‌ഫോടകവസ്തു കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം കല്ലമ്പലത്ത് നിന്നായിരുന്നു പങ്കജിനെ പൊലീസ് പിടികൂടിയത്. ഗുണ്ടാനേതാവ് സന്തോഷ്, പങ്കജിനെ കുത്തിയ ശേഷം ജയിലിലായിരുന്നു. ഇതിന്റെ പ്രതികാരനടപടിയായാണ് പങ്കജും ഗുണ്ടാ സംഘവും ചേര്‍ന്ന് ജിം സന്തോഷിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.

സന്തോഷ് വധക്കേസില്‍ ഇതുവരെ ആറ് പ്രതികളാണ് പിടിയിലായിരിക്കുന്നത്. ഇനി മുഖ്യപ്രതി അലുവ അതുലിനെ കൂടി പൊലീസിന് കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ വാഹനപരിശോധനയ്ക്കിടയില്‍ അലുവ അതുല്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

മാര്‍ച്ച് 27നാണ് ജിം സന്തോഷ് എന്നറിയപ്പെടുന്ന ഗുണ്ടാ നേതാവ് സന്തോഷ് കൊല്ലപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ പങ്കജിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം. കറന്റ് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്തുകടന്നത്.

Content Highlights: Karunagappally Jim Santhosh murder case bomb found in house where accused were hiding

dot image
To advertise here,contact us
dot image