ഉത്തരപേപ്പര്‍ നഷ്ടപ്പെട്ട സംഭവം; അട്ടിമറി നടന്നിട്ടില്ല, നടപടി നേരിടാന്‍ തയ്യാറെന്ന് അധ്യാപകന്‍

തന്റെ വീഴ്ച കൃത്യമായി സർവ്വകലാശാലയെ അറിയിച്ചിരുന്നുവെന്നും അധ്യാപകൻ

dot image

തിരുവനന്തപുരം: സർവ്വകലാശാലയിലെ എംബിഎ മൂന്നാംസെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടതിൽ ഏത് അന്വേഷണത്തേയും നേരിടാൻ തയ്യാറാണെന്ന് ഉത്തര കടലാസുകൾ നഷ്ടപ്പെടുത്തിയ അധ്യാപകൻ. തന്റെ വീഴ്ച കൃത്യമായി സർവ്വകലാശാലയെ അറിയിച്ചിരുന്നുവെന്നും എന്നാൽ നടപടിയെടുക്കുന്നതിൽ സർവ്വകലാശാലയ്ക്ക് വീഴ്ച സംഭവിച്ചെന്നും അധ്യാപകൻ പറഞ്ഞു. പരീക്ഷ നടത്തിപ്പിലും, മൂല്യനിർണയത്തിലും കാണിക്കുന്ന മെല്ലെപ്പോക്ക് വിവരമറിയിച്ചപ്പോഴും സർവ്വകലാശാല കാണിച്ചുവെന്നും അധ്യാപകൻ പറഞ്ഞു.

സംഭവത്തിൽ അട്ടിമറി സാധ്യതയുണ്ടെന്ന് മന്ത്രി ആര്‍ ബിന്ദുവിന്റെ പ്രസ്താവന തെറ്റെന്നും അധ്യാപകൻ വ്യക്തമാക്കി. അതേസമയം ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ അന്വേഷണ വിധേയമായി അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഏപ്രിൽ നാലിന് സർവകലാശാലയിൽ ഹാജരാകാനും അധ്യാപകന് നിർദേശം നൽകിയിട്ടുണ്ട്.

ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തിൽ വിദ്യാർത്ഥികൾക്കുണ്ടായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അതിവേഗം സ്പെഷ്യൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തുമെന്ന് സിൻഡിക്കേറ്റ് അറിയിച്ചു.

ഒരു വർഷം കഴിഞ്ഞ ശേഷം വീണ്ടും പരീക്ഷ എഴുതാൻ ആവശ്യപ്പെടുന്നതിൽ നീതീകരണമില്ലെന്നും സെമസ്റ്ററിലെ മറ്റ് പേപ്പറുകൾക്ക് ലഭിച്ച മാർക്കിന്റെ ആനുപാതിക മാർക്ക് നഷ്ടപ്പെട്ട പേപ്പറിനും നൽകണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. കേന്ദ്രീകൃത മൂല്യനിർണ്ണയം നിർത്തലാക്കേണ്ടിവന്നതാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്നും, അതേ സംവിധാനം തിരികെ കൊണ്ടുവരണമെന്നും സേവ് യൂണിവേഴ്സിറ്റി ആവശ്യപ്പട്ടു.

Content Highlights-The incident of the loss of answer sheets at the university; The teacher says he is ready to face any investigation

dot image
To advertise here,contact us
dot image