
ആലപ്പുഴ: താരങ്ങള്‍ക്ക് ലഹരി കൈമാറിയെന്ന കഞ്ചാവ് കേസ് പ്രതി തസ്ലീമ സുല്‍ത്താനയുടെ മൊഴിയില്‍ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്. നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും എക്‌സൈസ് നോട്ടീസ് നല്‍കും. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
താരങ്ങള്‍ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായി തസ്ലീമ മൊഴി നല്‍കിയെന്നാണ് വിവരം. തസ്ലിമയും താരങ്ങളും തമ്മിലുള്ള ചാറ്റ് എക്‌സൈസിന് ലഭിച്ചിരുന്നു. തസ്ലീമയ്ക്കായി എക്‌സൈസ് ഉടന്‍ കസ്റ്റഡി അപേക്ഷയും നല്‍കും.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നിന്നാണ് തസ്ലീമ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. രണ്ടുകോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് തസ്ലീമയില്‍ നിന്ന് എക്‌സൈസ് പിടികൂടിയത്. സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണ് കഴിഞ്ഞ ദിവസം നടന്നതെന്നാണ് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്.
യുവതിയ്ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് യുവതി വിതരണം ചെയ്തിരുന്നു. എന്നാല്‍ ആലപ്പുഴയിലും വിതരണ സംവിധാനം ഉണ്ടാക്കിയതോടെ
എക്‌സൈസിന്റെ പിടിവീഴുകയായിരുന്നു.
ആലപ്പുഴയില്‍ നിന്നും രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായാണ് യുവതിയെ എക്‌സൈസ് പിടികൂടിയത്. ഇവര്‍ക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ആലപ്പുഴ നാര്‍ക്കോട്ടിക് സി ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേര്‍ന്ന് വില്പന നടത്താനായാണ് യുവതി ആലപ്പുഴയില്‍ നിന്ന് കഞ്ചാവുമായി എത്തിയത്. പൊലീസ് അന്വേഷണത്തില്‍ തായ്‌ലാന്‍ഡില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് സൂചന.
Content Highlights: Excise notices will be issued to Sreenath Bhasi and Shine Tom Chacko