ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവം: ചികിത്സാപ്പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്

ഡോ. സി വി പുഷ്പ കുമാരി, ഡോ. കെ എ ഷെര്‍ലി എന്നിവര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്

dot image

ആലപ്പുഴ: അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവത്തില്‍ ചികിത്സാപ്പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്. മാതാവിന് ആദ്യ മൂന്നുമാസം നല്‍കിയ പ്രസവ ചികിത്സ തൃപ്തികരമല്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. അപകടസാധ്യത അറിയിക്കുന്നതില്‍ രണ്ട് ഗൈനക്കോളജിസ്റ്റും പരാജയപ്പെട്ടെന്നും കണ്ടെത്തല്‍.

ഡോ. സി വി പുഷ്പ കുമാരി, ഡോ. കെ എ ഷെര്‍ലി എന്നിവര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കുടുംബത്തിന് കൈമാറി. അന്വേഷണം നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് തപാല്‍ വഴി മറുപടി നല്‍കിയത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശികളായ അനീഷ് -സുറുമി ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത്. നിരവധി വൈകല്യങ്ങളോടെയായിരുന്നു കുഞ്ഞിന്റെ പിറവി. കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, വായ തുറക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്. കാലിനും കൈക്കും വളവുണ്ട്.

പരാതിയില്‍ നേരത്തെ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു. ഡോ ഷേര്‍ലി, പുഷ്പ എന്നിവര്‍ക്ക് പുറമേ സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും എതിരെയാണ് കേസെടുത്തിരുന്നത്. ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. ഇതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പും അന്വേഷണം നടത്തിയത്.

Content Highlights: health department admitted the medical malpractice In Alappuzha in a baby born with an unusual disability

dot image
To advertise here,contact us
dot image