
കൽപ്പറ്റ: വഖഫ് ബില്‍ ലോക്സഭ പാസാക്കിയതിൽ പ്രതികരണവുമായി സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. വയനാട് എംപി സഭയിൽ ഹാജരായിരുന്നില്ല എന്ന വാർത്ത ഞെട്ടിക്കുന്നതെന്ന് കെ റഫീഖ് വിമർശിച്ചു.വയനാട്ടിലെ മതേതര പക്ഷത്തുള്ള ജനതയെ പിന്നിൽ നിന്ന് കുത്തുന്ന സമീപനമാണ് കോൺഗ്രസിൻ്റെ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി സ്വീകരിച്ചതെന്നും കെ റഫീഖ് പറഞ്ഞു.
രാജ്യത്തെ മുസ്ലിങ്ങളെ ശത്രുപക്ഷത്ത് നിർത്തിയിരിക്കുന്ന സംഘപരിവാറിൻ്റെ പ്രത്യയശാസ്ത്ര നിലപാടാണ് വഖഫ് ഭേദഗതി ബില്ലിലൂടെ നരേന്ദ്ര മോദി ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നതെന്നും കെ റഫീഖ് വിമർശിച്ചു. രാഷ്ട്രീയ ഹിന്ദുത്വയുടെ അടിത്തറയിൽ നിന്നുള്ള ഹിന്ദു രാജ്യം എന്ന ആർഎസ്എസ് ലക്ഷ്യത്തിലേയ്ക്ക് ഇന്ത്യയെ മാറ്റുക എന്ന താൽപ്പര്യത്തോടെയാണ് മോദി ഭരണകൂടം പാർലമെൻ്റിനെ ഉപയോഗിച്ച് വഖഫ് ഭേദഗതി ബിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും കെ റഫീഖ് കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു റഫീഖിന്റെ പ്രതികരണം.
കെ റഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
രാജ്യത്തെ മുസ്ലിങ്ങളെ ശത്രുപക്ഷത്ത് നിർത്തിയിരിക്കുന്ന സംഘപരിവാറിൻ്റെ പ്രത്യയശാസ്ത്ര നിലപാടാണ് വഖഫ് ഭേദഗതി ബില്ലിലൂടെ നരേന്ദ്ര മോദി ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രീയ ഹിന്ദുത്വയുടെ അടിത്തറയിൽ നിന്നുള്ള ഹിന്ദു രാജ്യം എന്ന ആർഎസ്എസ് ലക്ഷ്യത്തിലേയ്ക്ക് ഇന്ത്യയെ മാറ്റുക എന്ന താൽപ്പര്യത്തോടെയാണ് മോദി ഭരണകൂടം പാർലമെൻ്റിനെ ഉപയോഗിച്ച് വഖഫ് ഭേദഗതി ബിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.
രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തിൻ്റെ ഭരണഘടനാപരമായ അവകാശങ്ങളുടെ കടയ്ക്കൽ കത്തിവെയ്ക്കുന്ന വഖഫ് ഭേഭഗതി ബിൽ ലോക്സഭയിൽ ചർച്ച ചെയ്യുമ്പോൾ വയനാട് എം പി സഭയിൽ ഹാജരായിരുന്നില്ല എന്ന വാർത്ത ഞെട്ടിക്കുന്നതാണ്. വയനാട്ടിലെ മതേതര പക്ഷത്തുള്ള ജനതയെ പിന്നിൽ നിന്ന് കുത്തുന്ന സമീപനമാണ് കോൺഗ്രസിൻ്റെ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി സ്വീകരിച്ചത്. ഇത് പ്രതിഷേധാർഹമാണ്. സഭയിൽ ഹാജരാകണമെന്ന് കോൺഗ്രസിൻ്റെ വിപ്പ് ഉള്ളപ്പോഴാണ് വയനാട്ടിലെ വോട്ടർമാരെ വഞ്ചിക്കുന്ന സമീപനം പ്രിയങ്ക സ്വീകരിച്ചത് എന്നതാണ് ഭയപ്പെടുത്തുന്നത്. പ്രിയങ്കയുടെ നിലപാടിനെതിരെ മതേതര കേരളം രംഗത്ത് വരേണ്ടതുണ്ട്.
രാജ്യത്തിൻ്റെ മതേതര നിലപാടിനെയും ഭരണഘടന ഉറപ്പ് നൽകുന്ന ന്യൂനപക്ഷ അവകാശ സംരക്ഷണത്തെയുമെല്ലാം അട്ടിമറിച്ചാണ് വഖഫ് ഭേദഗതി ബിൽ ബിജെപി നടപ്പിലാക്കാൻ ശ്രമിക്കുന്നത്. രാജ്യത്തെ മതേതര ശക്തികളെല്ലാം ബിജെപി സർക്കാരിൻ്റെ ഈ നീക്കത്തിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന അംഗീകരിച്ച് കേരള നിയമസഭ ബില്ലിനെതിരായ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
ബിൽ പാസാകുന്നതോടെ കേരളത്തിൻ്റെ പ്രമേയം അറബിക്കടലിൽ എന്നാണ് തൃശൂരിൽ നിന്ന് കോൺഗ്രസ് വോട്ട് വാങ്ങി ജയിച്ച ബി ജെ പി എം പി സുരേഷ് ഗോപി പ്രഖ്യാപിച്ചത്. ഇതിനെതിരെ പോലും ഒരക്ഷരം എതിർത്ത് പറയാൻ പോലും വയനാട്ടിൽ നിന്നുള്ള എം പി ലോക്സഭയിൽ ഹാജരായിരുന്നില്ല എന്നതാണ് ഏറ്റവും ഖേദകരം.
വഖഫ് ഭേഭഗതി ബിൽ ലോക്സഭയിൽ ചർച്ച ചെയ്തപ്പോൾ ഏത് ഘട്ടത്തിലും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സംസാരിക്കാനുള്ള പ്രവിലേജ് ഉണ്ടായിട്ടും ഒന്നും മിണ്ടാതിരുന്ന രാഹുൽ ഗാന്ധിയുടെ ചേതോവികാരമെന്താണ്? കേരളത്തിൽ കാണിക്കുന്ന ന്യൂനപക്ഷ പ്രേമം ഉത്തരേന്ത്യയിൽ എത്തുമ്പോൾ മൃദു ഹിന്ദുത്വ പ്രകടനമായി മാറുന്നത് കോൺഗ്രസ് നേതൃത്വത്തിൻ്റെ ഭാഗത്ത് നിന്നും പലവട്ടം നമ്മൾ കണ്ടതാണ്.
ന്യൂനപക്ഷത്തിൻ്റെ രക്ഷകയെന്ന് ചമഞ്ഞ് വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് വോട്ടു നേടി വിജയിച്ച പ്രിയങ്ക വഖഫ് ഭേഭഗതി ബിൽ ലോക്സഭ ചർച്ചയ്ക്കെടുത്ത സമയത്ത് സഭയിൽ ഹാജരാകാൻ പോലും തയ്യാറായില്ല. വയനാട്ടിൽ രാഹുലിൻ്റെ പകരക്കാരിയായി മത്സരിക്കാൻ എത്തുന്നതിന് മുമ്പ് ഉത്തർപ്രദേശിൻ്റെ ചുമതലയുള്ള നേതാവായിരുന്നു പ്രിയങ്ക ഗാന്ധി. 2021ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് അടക്കം തീവ്ര ഹിന്ദുത്വയെ തോൽപ്പിക്കുന്ന വേഷഭൂഷാധികളോടെ പ്രത്യക്ഷപ്പെട്ട പ്രിയങ്കയെ നമ്മൾ മറന്നിട്ടില്ല.
വയനാടിൻ്റെ പ്രതിനിധി ആയിരിക്കുമ്പോഴും തൻ്റെ ശരിയായ രാഷ്ട്രീയ ഭൂമിക ഉത്തരേന്ത്യയാണെന്ന് തന്നെയാണ് പ്രിയങ്ക മനസ്സിലാക്കിയിരിക്കുന്നത് എന്നാണ് ഇപ്പോൾ നമ്മൾ തിരിച്ചറിയേണ്ടത്. ഭാവിയിൽ ഉത്തർപ്രദേശ് അടക്കമുള്ള ഹിന്ദുത്വ ഭൂമികയിൽ നിലയുറപ്പിക്കാൻ വഖഫ് ഭേഭഗതി ബില്ലിനെ എതിർക്കുന്നത് ബാധ്യതയാകുമെന്നതിനാലാവാം പ്രിയങ്ക ഗാന്ധി സഭയിൽ ഹാജരാകാതെ വിട്ടു നിന്നത്. വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് ഇതിലൂടെ പ്രിയങ്ക ഗാന്ധി സ്വീകരിച്ചത്. വയനാട്ടിലെ യു.ഡി.എഫ് പ്രത്യേകിച്ച് മുസ്ലിംലീഗ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം.
സിപിഐഎമ്മിനെ സംബന്ധിച്ച് ഏറ്റവും നിർണ്ണായകമായ പാർട്ടി കോൺഗ്രസ് പോലും ഒഴിവാക്കിയാണ് കേരളത്തിൽ നിന്നുള്ള സി പി ഐ എം ജനപ്രതിനിധികൾ അടക്കം വഖഫ് ഭേഭഗതി ബില്ലിനെ എതിർക്കുന്നതിനായി പാർലമെൻ്റിൽ ഹാജരായത് എന്നത് മതനിരപേക്ഷ സംരക്ഷിക്കാനുള്ള സി പി ഐ എമ്മിൻ്റെ ആത്മാർത്ഥമായ നിലപാട് വ്യക്തമാക്കുന്നതാണ്.
Content Highlights: Wayanad District Secretary K Rafeeq against Priyanka Gandhi