റാങ്ക് ലിസ്റ്റ് പ്രകാരം കഴകക്കാരനായി അടുത്തനിയമനവും ഈഴവസമുദായത്തില്‍ നിന്ന്; നാളെ കൂടല്‍മാണിക്യം ദേവസ്വം യോഗം

നിലവിലെ റാങ്ക് ലിസ്റ്റ് പ്രകാരം കഴക പ്രവര്‍ത്തിയിലേക്കുള്ള അടുത്ത നിയമനം സംവരണ അടിസ്ഥാനത്തിലാണ്

dot image

തൃശ്ശൂര്‍: കൂടല്‍മാണിക്യ ക്ഷേത്രത്തിലെ കഴകപ്രവര്‍ത്തിയില്‍ നിന്നും ബാലു രാജിവെച്ച പശ്ചാത്തലത്തില്‍ നാളെ കൂടല്‍മാണിക്യ ദേവസ്വം യോഗം ചേരും. ബാലുവിന്റെ രാജി സ്വീകരിക്കും. ഒഴിവുവന്ന കഴക പ്രവര്‍ത്തിയിലേക്ക് പുതിയ ആളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് കൈമാറും.

നിലവിലെ റാങ്ക് ലിസ്റ്റ് പ്രകാരം കഴക പ്രവര്‍ത്തിയിലേക്കുള്ള അടുത്ത നിയമനം സംവരണ അടിസ്ഥാനത്തിലാണ്. ഈഴവ സമുദായത്തില്‍ നിന്നുള്ളയാള്‍ക്കാണ് അടുത്ത അവസരവും ലഭിക്കുക. സംവരണ പ്രകാരം തസ്തികയിലേക്ക് നിയമിച്ചാല്‍ തന്ത്രിമാരുടെ പ്രതിഷേധം ഉണ്ടായേക്കാം. എന്നാല്‍ നിസ്സഹകരണം ഉള്‍പ്പെടെയുള്ള നടപടികളുമായി തന്ത്രിമാര്‍ മുന്നോട്ടുപോയാല്‍ തന്ത്രമാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് കൂടല്‍മാണിക്യ ദേവസ്വം തീരുമാനം.

അതേസമയം, തങ്ങള്‍ക്ക് അവകാശപ്പെട്ട കഴകപ്രവര്‍ത്തി പുനസ്ഥാപിച്ചു കിട്ടാന്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് തന്ത്രി, വാര്യര്‍ വിഭാഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച്ച ദേവസ്വം ഓഫീസില്‍ എത്തിയാണ് ബാലു രാജിക്കത്ത് കൈമാറിയതെന്നാണ് വിവരം.

വ്യക്തിപരമായ കാരണത്താല്‍ രാജിവെക്കുന്നു എന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്. കഴകം ജോലിയില്‍ പ്രവേശിച്ച ബാലുവിനെ തന്ത്രിമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു. അതിനുശേഷം ബാലു അവധിയില്‍ പ്രവേശിക്കുകയായിരുന്നു. അതിനിടെയാണ് രാജി.

Content Highlights: koodal manikyam temple devaswom board meeting tomorrow

dot image
To advertise here,contact us
dot image