
മധുര: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ പ്രതിയാക്കി എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ പ്രതികരണവുമായി സിപിഐഎം നേതാക്കളായ എം എ ബേബിയും എ കെ ബാലനും. സര്‍ക്കാരിനേയും പാര്‍ട്ടിയേയും ലക്ഷ്യംവെച്ചുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് എം എ ബേബി പറഞ്ഞു. വിഷയത്തെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
നല്ല സമയം നോക്കി ആക്രമിക്കുന്നത് ബിജെപിയുടെ രീതിയാണെന്നും എം എ ബേബി പറഞ്ഞു. അതാണ് പാര്‍ട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുത്തത്. പാര്‍ട്ടിക്ക് ഇതൊന്നും ഒരു പ്രശ്‌നമല്ലെന്നും എം എ ബേബി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത് നവ ഫാസിസ്റ്റ് പ്രവണതയാണ്. പിണറായി വിജയനെ ടാര്‍ഗറ്റ് ചെയ്യുകയാണ്. രാജി ആവശ്യപ്പെട്ട പ്രതിപക്ഷത്തിന്റെ അപക്വമായ നിലവാരത്തിലേക്ക് തരംതാഴാനില്ലെന്നും എം എ ബേബി പറഞ്ഞു.
വീണാ വിജയനെതിരായ നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് എ കെ ബാലനും പറഞ്ഞു. കേസ് മറ്റൊരു ലാവ്‌ലിന്‍ ആക്കാനുള്ള നീക്കം നടക്കില്ല. കേസ് ഉള്ളി പൊളിച്ചതു പോലെയാകും. ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. കേസില്‍ പെടാന്‍ പോകുന്നത് പിണറായി വിജയനോ വീണയോ ആയിരിക്കില്ലെന്നും മറ്റ് ചിലരായിരിക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു.
സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ വീണാ വിജയനെ എസ്എഫ്ഐഒ പ്രതി ചേര്‍ത്തിരുന്നു. വീണയെ വിചാരണ ചെയ്യാന്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കുകയും ചെയ്തിരുന്നു. ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ എസ്എഫ്ഐഒ റിപ്പോര്‍ട്ട് നല്‍കി. സേവനം നല്‍കാതെ വീണാ വിജയന്‍ 2.7 കോടി രൂപ കൈപ്പറ്റിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. രാഷ്ട്രീയ നേതാക്കള്‍ക്ക് സിഎംആര്‍എല്‍ 182 കോടി രൂപ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎംആര്‍എല്‍ ഈ തുക കള്ളക്കണക്കില്‍ എഴുതി വകമാറ്റി. സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ മരുമകന്‍ ആനന്ദ പണിക്കര്‍ക്ക് 13 കോടി രൂപ കമ്മിഷന്‍ നല്‍കി. കോര്‍പ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് നടത്തിയ അഴിമതിയാണെന്നും എസ്എഫ്ഐഒയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights- M a baby and a k balan reaction over charge sheet against veena vijayan