
തലശ്ശേരി: കണ്ണൂരിലെ ആളൊഴിഞ്ഞ വീടുകൾ ബോംബ് നിർമാണ കേന്ദ്രങ്ങളാക്കുകയാണെന്ന വെളിപ്പെടുത്തലിലൂടെ ശ്രദ്ധേയയായ കുടക്കളത്തെ എം സീന ബിജെപി തലശ്ശേരി മണ്ഡലം സെക്രട്ടറിയായി ചുമതലയേറ്റു. ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി പങ്കെടുത്ത ചടങ്ങിൽ കഴിഞ്ഞ ദിവസമാണ് ഇവർ തലശ്ശേരി മണ്ഡലം സെക്രട്ടറിയായി ചുമതലയേറ്റത്.
എരഞ്ഞോളിയിൽ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സീന വെളിപ്പെടുത്തൽ നടത്തിയത്. ഷാഫി പറമ്പിൽ എംപി സ്‌ഫോടനം നടന്ന സ്ഥലം സന്ദർശിച്ച് മടങ്ങുമ്പോഴാണ് സീന ബോംബ് നിർമാണത്തെക്കുറിച്ച് പറഞ്ഞത്. ഇത് വലിയ വിവാദമായിരുന്നു. ആളൊഴിഞ്ഞ വീടുകൾ ബോംബ് നിർമാണ കേന്ദ്രങ്ങളാക്കുകയാണെന്നായിരുന്നു സീനയുടെ ആരോപണം.
സീനയുടേത് കോൺഗ്രസ് അനുഭാവമുള്ള കുടുംബമാണെന്നായിരുന്നു അന്ന് സിപിഐഎം പറഞ്ഞത്. സഹികെട്ടാണ് പ്രതികരിക്കുന്നതെന്നും എത്രകാലമാണ് സിപിഐഎം പാർട്ടിക്കാരെ പേടിച്ചുനിൽക്കുകയെന്നും സീന അന്ന് ചോദിച്ചിരുന്നു. 'ആളൊഴിഞ്ഞ വീടുകൾ ബോംബ് നിർമാണകേന്ദ്രങ്ങളാക്കുകയാണ്. ഇവ പാർട്ടിക്കാരുടെ ഹബ്ബാണ്. ആരെങ്കിലും തുറന്നുപറഞ്ഞാൽ പറയുന്നവരുടെ വീട് ബോംബെറിഞ്ഞ് നശിപ്പിക്കും. ഇവിടെ ജീവിക്കാൻ അനുവദിക്കില്ല’, സീന പറഞ്ഞിരുന്നു. 2024 ജൂൺ 18-ന് എരഞ്ഞോളി ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് സമീപത്താണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. സീനയുടെ അയൽവാസിയായ ആയിനിയാട്ട് വേലായുധനാ(85)ണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്.
Content Highlights: M Seena takes charge as BJP Thalassery constituency secretary