
കൊച്ചി: നടന്‍ ദിലീപ് പ്രതിയായ, നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യര്‍ക്ക് ബന്ധമില്ലെന്ന് ഒന്നാം പ്രതിയായ പള്‍സര്‍ സുനി. കേസിലേക്ക് മഞ്ജു വാര്യരെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും വലിച്ചിട്ടതാണ്. ശ്രീകുമാര്‍ മേനോനെ താന്‍ കണ്ടിട്ട് പോലുമില്ലെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ടി വി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ആര്‍ റോഷിപാല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് തുറന്നുപറച്ചില്‍.
കേസില്‍ ജയിലില്‍ കഴിയുമ്പോള്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടന്നുവെന്നും പള്‍സര്‍ സുനി പറയുന്നു. 'എന്നെ അടിച്ചു നശിപ്പിച്ചു. അന്ന് കത്ത് പുറത്തുവന്നിട്ടില്ല. ഇതിന് ശേഷമാണ് ദിലീപിന് കത്തയച്ചത്. അതോടുകൂടിയാണ് കൊലപാതകശ്രമം അവസാനിച്ചത്', എന്നും പള്‍സര്‍ സുനി വെളിപ്പെടുത്തി.
2018 മെയ് മാസത്തില്‍ പള്‍സര്‍ സുനി ദിലീപിന് അയച്ചതെന്ന് പറയുന്ന കത്ത് പുറത്തുവന്നിരുന്നു. ഈ കത്തിനെക്കുറിച്ചാണ് പള്‍സര്‍ സുനി സൂചിപ്പിക്കുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പുറത്തുവിടണം എന്നുപറഞ്ഞ് പള്‍സര്‍ സുനി അമ്മയെ ഏല്‍പ്പിച്ച കത്ത് റിപ്പോര്‍ട്ടര്‍ ടി വി തന്നെയാണ് പുറത്തുവിട്ടത്.
ഇതുവരെയും താന്‍ ദിലീപിനെ സംരക്ഷിച്ചു, എന്നാല്‍ നടന്‍ തന്നെ ചതിച്ചെന്നും പള്‍സര്‍ സുനി റിപ്പോർട്ടർ ഒളിക്യാമറയിൽ സുനി വെളിപ്പെടുത്തുന്നുണ്ട്. 'ഈ നിമിഷം വരെയും ഞാന്‍ ദിലീപിനെ സംരക്ഷിച്ചു. ഇതുവരെ വിശ്വാസ്യത നിലനിര്‍ത്തി. ദിലീപ് ചതിച്ചിട്ടും വിശ്വാസ്യത നിലനിര്‍ത്തി. ഇതുവരെ ഒരു കാര്യവും പുറത്ത് പറഞ്ഞിട്ടില്ല. താന്‍ അതെല്ലാം പുറത്ത് പറഞ്ഞാല്‍ വേറെ ആളുകള്‍ക്ക് ഉത്തരം പറയേണ്ടിവരുമെന്നും പള്‍സര്‍ സുനി പറയുന്നു.
കേസുമായി ബന്ധപ്പെട്ട് തന്നെയും മഞ്ജുവാര്യരെയും കോടതിയില്‍ ഒരുപാട് വേട്ടയാടിയിട്ടുണ്ടെന്നും പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ ആശ്വാസമാണെന്നും വെളിപ്പെടുത്തലിന് പിന്നാലെ ശ്രീകുമാര്‍ മേനോന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.
Content Highlights: Manju and Sreekumar Menon have no connection in the actress attack case Said pulsar suni