
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തു വിട്ട റിപ്പോര്‍ട്ടര്‍ ടി വിയെ അഭിനന്ദിച്ച് ചലച്ചിത്ര പ്രവര്‍ത്തകന്‍ പ്രകാശ് ബാരെ. ഇതൊരു ഗെയിം ഓവര്‍ മൊമന്റാണെന്നും സത്യം പകല്‍വെളിച്ചം പോലെ പുറത്ത് കൊണ്ടുവെച്ചിരിക്കുന്നുവെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ഇതുവരെ പല കഥകളും മെനഞ്ഞ് പ്രതിരോധിക്കാന്‍ ശ്രമിച്ച വലിയ സംഘമുണ്ട്. അവര്‍ക്കിനി ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും പ്രകാശ് ബാരെ കൂട്ടിച്ചേര്‍ത്തു. 'കോടതിയിലെയും ശിക്ഷയുടെയും കാര്യം അവിടെ നിക്കട്ടെ, ജനങ്ങള്‍ക്ക് സത്യം മനസിലാക്കുന്ന തരത്തില്‍ അന്നും ഇന്നും റിപ്പോര്‍ട്ടര്‍ മുന്‍പന്തിയില്‍ നിന്നിരുന്നു. റോഷിപാല്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും പ്രകാശ് ബാരെ പറഞ്ഞു.
'ഈ കേസിന്റെ തുടക്ക സമയത്ത് നമ്മള്‍ മലയാളികള്‍ ഇങ്ങനെ ഒന്നും ചിന്തിട്ടില്ല. എട്ടാം പ്രതിയുടെ നേരെ ഒരിക്കല്‍ പോലും സംശയം ഇല്ലാത്ത സ്ഥലത്ത് നിന്ന് പതുക്കെ പതുക്കെ സത്യം പുറത്ത് വന്ന് നമ്മള്‍ ഈ പോയിന്റിലെത്തി നില്‍ക്കുകയാണ്. സത്യം ജനങ്ങള്‍ക്ക് മനസിലാക്കാന്‍ ഇനി ഒന്നും ചെയ്യേണ്ട ആവശ്യമില്ല', പ്രകാശ് ബാരെ പറഞ്ഞു.
ദിലീപാണ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും ഒന്നരക്കോടിയാണ് പ്രതിഫലം വാഗ്ദാനം ചെയ്തതെന്നും പള്‍സര്‍ സുനി റിപ്പോര്‍ട്ടര്‍ ഒളിക്യാമറയില്‍ വെളിപ്പെടുത്തിയിരുന്നു. ദിലീപിന്റെ അറിവോടെ കൂടുതല്‍ നടിമാരെ ആക്രമിച്ചിട്ടുണ്ടെന്നും അതെല്ലാം ഒത്തുതീര്‍പ്പാക്കിയെന്നും സുനി വെളിപ്പെടുത്തിയിട്ടുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ തന്റെ കൈവശമുണ്ടെന്നും എവിടെയാണെന്നത് രഹസ്യമാണെന്നും സുനി പറയുന്നു.
Content Highlights: Prakash Bare s responds on Pulsar Suni statements about actress attack case