
അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരത്തില്‍ അഭിമാനമായി രണ്ട് മലയാളികള്‍. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബര്‍ സിമന്റ് ആന്‍ഡ് കോണ്‍ക്രീറ്റ് അസോസിയേഷന്‍ (ജിസിസിഎ) സംഘടിപ്പിച്ച കോണ്‍ക്രീറ്റ് ഇന്‍ ലൈഫ് 2024 -25 ഫോട്ടോ മത്സരത്തില്‍ മലയാളി ഫോട്ടോഗ്രാഫര്‍മാരായ അന്‍വര്‍ സാദത്ത് ടി എ, റാഫി അഫി എന്നിവരാണ് വിജയികളായത്. തൃശൂര്‍ സ്വദേശിയാണ് അന്‍വര്‍ സാദത്ത്. റാഫി അഫി മലപ്പുറം സ്വദേശിയും.
ജിസിസിഎ വര്‍ഷംതോറും സംഘടിപ്പിക്കുന്ന ഈ മത്സരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 20,000ത്തിലധികം ഫോട്ടോകൾ മൽസരത്തിനെത്തി . ആകെ ആറ് വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. അന്‍വര്‍ അര്‍ബന്‍ കോണ്‍ക്രീറ്റ് വിഭാഗത്തില്‍ വിജയിച്ചപ്പോള്‍, റാഫി പീപ്പിള്‍സ് ചോയിസ് വിഭാഗത്തില്‍ വിജയിയായി. അന്‍വര്‍ സാദത്ത് 2,500 ഡോളറും റാഫി 5,000 ഡോളറും ക്യാഷ് പ്രൈസ് വിഭാഗത്തില്‍ നേടി.
content highlights: two malayali photographers won international photography award