
കൽപ്പറ്റ: ഇടുക്കി ഡിസിസി സെക്രട്ടറി ബെന്നി പെരുവന്താനം കോൺഗ്രസിൽ നിന്ന് രാജി വച്ചു. വഖഫ് ഭേദഗതിയിലെ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് രാജി. ഒരു വിഭാഗത്തെമാത്രം പ്രീതിപ്പെടുത്തുന്ന നിലപാടാണ് കോൺഗ്രസിനെന്ന് പറഞ്ഞാണ് ബെന്നി പെരുവന്താനം സ്ഥാനം രാജി വെച്ചത്.
മുസ്ലിം ന്യൂനപക്ഷങ്ങളെ മാത്രം സഹായിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ന്യൂനപക്ഷ ക്രിസ്ത്യൻ സമുദായത്തിന് എതിരാണ് പാർട്ടിയുടെ നിലപാട്. പല വേദികളിൽ ഇക്കാര്യം പറഞ്ഞു. പാർട്ടി കമ്മറ്റികളിലും പറഞ്ഞു. എന്നിട്ടും നടപടി ഉണ്ടായിട്ടില്ലൊയെന്ന് ബെന്നി പെരുവന്താനം പറഞ്ഞു. മുനമ്പം വഖഫ് വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട് തെറ്റാണെന്നും ബെന്നി കൂട്ടിചേർത്തു.
കഴിഞ്ഞ ദിവസം അര്‍ധരാത്രിവരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വഖഫ് ബില്‍ രാജ്യസഭയിലും പാസായിരുന്നു. 128 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 95 പേര്‍ ബില്ലിനെ എതിര്‍ത്തു. ഉച്ചയ്ക്ക് ആരംഭിച്ച വഖഫ് ബില്ലിന്മേലുള്ള ചര്‍ച്ച 12 മണിക്കൂറിലധികം കഴിഞ്ഞ് അര്‍ധരാത്രി വരെ നീണ്ടു. പുലര്‍ച്ചെ 1.10 ഓടെയാണ് രാജ്യസഭയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. ഇരുസഭകളിലും ബില്ല് പാസായതോടെ ഔദ്യോഗികമായി രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ വഖഫ് ബില്ല് നിയമമാകും.
ബില്ലിലെ വ്യവസ്ഥകളില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എഎ റഹീം, വി ശിവദാസന്‍, ഹാരിസ് ബീരാന്‍, അബ്ദുള്‍ വഹാബ്, പി സന്തോഷ് കുമാര്‍, പി പി സുനീര്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച ഭേദഗതി ശബ്ദവോട്ടോടെ തള്ളുകയായിരുന്നു. ബില്ലിന്മേല്‍ ഭൂരിപക്ഷം അംഗീകരിച്ച നിര്‍ദേശങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നും ഭൂരിപക്ഷത്തിന്റെ അഭിപ്രായപ്രകാരമാണ് ജനാധിപത്യം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു.
നരേന്ദ്രമോദി സര്‍ക്കാര്‍ തുടര്‍ച്ചയായി ബില്ലിനെ പ്രതിരോധിക്കുമ്പോള്‍, വഖഫ് ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും മത സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം ആണെന്നും പ്രതിപക്ഷ എംപിമാര്‍ വാദിച്ചു. ബില്ല് രാജ്യസഭയില്‍ പാസായതോടെ മുനമ്പത്ത് ജനങ്ങള്‍ ഒത്തുകൂടി ആഘോഷം സംഘടിപ്പിച്ചു. ബിജെപി നേതാക്കള്‍ക്ക് ജയ് വിളിച്ചും പടക്കം പൊട്ടിച്ചുമായിരുന്നു ആഘോഷം. 14 മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്ല് ലോക്‌സഭയിൽ പാസായത്. ലോക്‌സഭയില്‍ 288 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചും 232 അംഗങ്ങള്‍ എതിര്‍ത്തും വോട്ട് ചെയ്തു.
Content highlights- Criticism that the stance only pleases one section; Resignation from Congress over Waqf stance