എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകിയോ എന്ന് അറിയിക്കണം; സിഎംആർഎൽ വീണ്ടും ഡൽഹി ഹൈക്കോടതിയിലേക്ക്

അനുമതിയെ പറ്റി വ്യക്തത വരുത്താൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ഡൽഹി ഹൈക്കോടതിയിൽ സിഎംആർഎല്ലിൻ്റെ ആവശ്യം

dot image

ന്യൂഡൽഹി: എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകിയോ എന്ന് അറിയിക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ. കമ്പനികാര്യ മന്ത്രാലയം പ്രോസിക്യൂഷന് അനുമതി നൽകിയോ എന്നതിലും വ്യക്തത വരുത്തണമെന്ന് സിഎംആർഎൽ ആവശ്യപ്പെട്ടിട്ടുണ്ട്. അനുമതിയെ പറ്റി വ്യക്തത വരുത്താൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണം എന്നാണ് ഡൽഹി ഹൈക്കോടതിയിൽ സിഎംആർഎല്ലിൻ്റെ ആവശ്യം.

എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണം, ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ പ്രോസിക്യൂഷൻ നടപടി ആരംഭിക്കരുത്, റിപ്പോർട്ട് കോടതിയിൽ നൽകും മുൻപ് എസ്എഫ്ഐഒ ചോർത്തിയതിൽ അന്വേഷണം വേണം എന്നീ ആവശ്യങ്ങളാണ് സിഎംആർഎൽ ഹർജിയിൽ പറഞ്ഞിരിക്കുന്നത്. സിഎംആർഎലിൻ്റെ ഹർജി ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

അതേ സമയം, മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ പ്രതിയായ സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് വിചാരണക്കോടതിക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. തുടര്‍ നടപടികള്‍ക്കായാണ് റിപ്പോര്‍ട്ട് കൈമാറിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരം എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഏഴിനാണ് റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച് അംഗീകരിക്കുന്നതില്‍ വിചാരണക്കോടതി തീരുമാനമെടുക്കും.

സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് വീണാ വിജയന്‍ ഉള്‍പ്പെടെ പതിമൂന്ന് പേരെ പ്രതികളാക്കി അന്തിമ അന്വേഷണ റിപ്പോര്‍ട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വീണയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അന്തിമ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. സേവനം നല്‍കാതെ വീണാ വിജയന്‍ 2.7 കോടി രൂപ കൈപ്പറ്റിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. രാഷ്ട്രീയ നേതാക്കള്‍ക്ക് സിഎംആര്‍എല്‍ 182 കോടി രൂപ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎംആര്‍എല്‍ ഈ തുക കള്ളക്കണക്കില്‍ എഴുതി വകമാറ്റി. സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ മരുമകന്‍ ആനന്ദ പണിക്കര്‍ക്ക് 13 കോടി രൂപ കമ്മിഷന്‍ നല്‍കി. കോര്‍പ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് നടത്തിയ അഴിമതിയാണെന്നും എസ്എഫ്‌ഐഒയുടെ റിപ്പോര്‍ട്ടിലുണ്ട്.

വീണാ വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കമ്പനി നിയമം അനുസരിച്ചാണ് എസ്എഫ്‌ഐഒ നടപടി. വീണാ വിജയനൊപ്പം ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ സുരേഷ് കുമാര്‍ എന്നിവരും പ്രതികളാണ്.

Content Highlights-CMRL again moves Delhi High Court to inquire whether SFIO has submitted final investigation report

dot image
To advertise here,contact us
dot image