
മലപ്പുറം: എസ്എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ മലപ്പുറം വിരുദ്ധ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. വിദ്വേഷ പരാമർശത്തിൽ സർക്കാർ നിയമനടപടി സ്വീകരിക്കണമെന്ന് എപി അനിൽകുമാർ എംഎൽഎ ആവശ്യപ്പെട്ടു. മലപ്പുറം പ്രത്യേക രാജ്യമാണെന്നും ഈഴവർക്ക് ജില്ലയിൽ അവഗണനയാണന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.
ഗുരുദേവ ധർമ്മം എന്താണെന്ന് ബോധ്യമുണ്ടെങ്കിൽ വെള്ളാപ്പള്ളി ഇങ്ങനെ പറയില്ലായിരുന്നു. മകൻ എൻഡിഎ കൺവീനർ ആണെങ്കിലും ബിജെപിക്ക് വേണ്ടി പണി എടുക്കുന്നത് പിതാവാണ്. ബിജെപിയും ആർഎസ്എസും പറഞ്ഞ കാര്യങ്ങളാണ് വെള്ളാപ്പള്ളി നടേശനും ആവർത്തിക്കുന്നതെന്നും അനിൽകുമാർ വിമർശിച്ചു. അതേ സമയം, വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശത്തിനെതിരെ മലപ്പുറത്ത് പ്രതിഷേധിച്ച് യൂത്ത് ലീഗ് രംഗത്തെത്തി. യൂത്ത് ലീഗ് പ്രവർത്തകർ താനൂരിൽ വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു.
എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗം. മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമാണെന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ്റെ പരാമർശം. സ്വതന്ത്രമായ വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
'നിങ്ങള്‍ പ്രത്യേക രാജ്യത്തിനിടയില്‍ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വാതന്ത്ര്യത്തിന്റെ ഗുണഫലത്തിന്റെ ഒരംശം പോലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് മലപ്പുറത്ത് ലഭിച്ചിട്ടില്ല. എല്ലാവര്‍ക്കും വോട്ട് കൊടുക്കാന്‍ മാത്രം വിധിക്കപ്പെട്ട വോട്ടുകുത്തി യന്ത്രങ്ങളാണ് നമ്മള്‍. നിങ്ങള്‍ക്ക് പഠിക്കാന്‍ മലപ്പുറത്ത് കുടിപ്പള്ളിക്കൂടമെങ്കിലും തരുന്നുണ്ടോ', വെള്ളാപ്പള്ളി പറഞ്ഞു. തൊഴിലുറപ്പില്‍ വളരെ പ്രാതിനിധ്യമുണ്ടെങ്കിലും ബാക്കിയെന്തിലാണ് പ്രാതിനിധ്യമെന്നും വെള്ളാപ്പള്ളി ചോദിച്ചു.
വോട്ടും പിടിച്ച് പോയാല്‍ പിന്നെ ആലുവാ മണപ്പുറത്തെ പരിചയം പോലും ആളുകള്‍ കാണിക്കാറില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. പല സാമുദായിക സംഘടനകളും സംഘടിച്ച് നിന്ന് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നു. എന്നാല്‍ എസ്എന്‍ഡിപി അതില്‍ പിന്നോട്ട് പോകുകയാണ്. സംഘടന ഒറ്റക്കെട്ടായി നില്‍ക്കുന്നില്ലെന്ന വിമര്‍ശനവും വെള്ളാപ്പള്ളി നടേശന്‍ ഉന്നയിക്കുന്നുണ്ട്.
Content Highlights-'Government should take legal action against Vellappally's hate speech'; Congress strongly criticizes