മാർക്കറ്റിങ് കമ്പനിയിലെ തൊഴിൽ പീഡനം; സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ യോജിക്കാത്ത പ്രവണതയാണ് ഉണ്ടായതെന്നും ഒറ്റക്കെട്ടായി ഇത്തരം സാമൂഹ്യവിരുദ്ധ പ്രവണതകൾക്കെതിരെ പ്രതികരിക്കണമെന്നും യുവജനകമ്മീഷൻ

dot image

കൊച്ചി: കൊച്ചിയിലെ മാര്‍ക്കറ്റിംഗ് സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്കില്‍ നിന്ന് സാധനങ്ങള്‍ എടുത്ത് വില്‍പ്പന നടത്തുന്ന കൊച്ചിയിലെ സ്ഥാപനമായ കെല്‍ട്രോയിലെ തൊഴിൽ പീഡനത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷൻ. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയോട് യുവജന കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ യോജിക്കാത്ത പ്രവണതയാണ് ഉണ്ടായതെന്നും ഒറ്റക്കെട്ടായി ഇത്തരം സാമൂഹ്യവിരുദ്ധ പ്രവണതകൾക്കെതിരെ പ്രതികരിക്കണമെന്നും യുവജനകമ്മീഷൻ ചെയർമാൻ എം ഷാജർ ആവശ്യപ്പെട്ടു.

കൊച്ചിയിൽ പ്രവർത്തിക്കുന്ന കെൽട്രോ എന്ന കമ്പനിയിലെ മാനേജർ ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്ത തൊഴിലാളികളോട് കടുത്ത ക്രൂരതകാട്ടുന്ന വീഡിയോ പുറത്ത് വന്നിരുന്നു. കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെ പോലെ നടത്തിക്കുക, നായ്ക്കളെ പോലെ ഭക്ഷണം കഴിപ്പിക്കുക, വായില്‍ ഉപ്പ് വാരിയിട്ട് തുപ്പാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പീഡനങ്ങളാണ് തൊഴിലാളികള്‍ക്ക് നേരെ നടക്കുന്നത്. പല വീടുകള്‍ കയറി സാധങ്ങള്‍ വില്‍ക്കുകയാണ് തൊഴിലാളികളുടെ ടാര്‍ഗറ്റ്. എന്നാല്‍ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളുണ്ടാകാറുണ്ട്. അതിന് ശേഷം ഓഫീസിലെത്തുന്നവരെ പീഡിപ്പിക്കും. മുഖത്തടക്കം ക്രൂര പീഡനങ്ങള്‍ നടത്തും. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മേല്‍ത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കും അയച്ചു നല്‍കും. ആറ് മാസത്തെ ട്രെയിനിങ് എന്ന് പറഞ്ഞ് ജോലിയില്‍ പ്രവേശിപ്പിക്കുന്നവര്‍ക്കെതിരെയാണ് ഈ ക്രൂര പീഡനം നടത്തുന്നത്.

പത്രത്തിലെ പരസ്യം കണ്ടാണ് പലരും ഇവിടെ ജോലിക്ക് വരുന്നത്. അഭിമുഖത്തിന്റെ സമയത്ത് ആറ് മാസം ട്രെയിനിങ്ങും 8000-10000 വരെ ശമ്പളം നല്‍കുമെന്നും വാഗ്ദാനം ചെയ്യും. എന്നാല്‍ ജോലിക്ക് കയറിയതിന് ശേഷം ശമ്പളമില്ലെന്നാണ് മാനേജർമാർ പറയുന്നത്. ശമ്പളം ചോദിച്ചാൽ സ്‌റ്റൈപ്പന്റ് നൽകാനേ പറ്റൂ എന്നാണ് മാനേജര്‍മാര്‍ പറയുന്നതെന്നും തൊഴിലാളികള്‍ പറയുന്നു. ട്രെയിനിങ് കഴിഞ്ഞാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് പലരും പിടിച്ചു നിന്നതെന്നും എന്നാല്‍ ആറ് മാസം കഴിഞ്ഞിട്ടും ട്രെയിനിങ് പിരീഡില്‍ നിന്ന് മാറ്റുന്നില്ലെന്നും അവര്‍ പറഞ്ഞു. ഉപദ്രവിക്കാന്‍ വേണ്ടി മാത്രം കമ്പനിയില്‍ മാനേജര്‍മാരുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

'എന്റെ വായില്‍ ഉപ്പിട്ട് തുപ്പാന്‍ അനുവദിച്ചില്ല. പാന്റഴിപ്പിച്ച് നിര്‍ത്തിക്കും. 2000ത്തിന് മുകളില്‍ ബിസിനസ് ചെയ്യാനാണ് ടാര്‍ഗറ്റ്. ഉറക്കത്തില്‍ നിന്ന് വിളിച്ചെഴുന്നേല്‍പ്പിക്കും. ഉറങ്ങാന്‍ സമ്മതിക്കില്ല. കക്കൂസ് കഴുകിക്കും. ഓഫീസിനകത്ത് ഞങ്ങള്‍ താമസിക്കുന്ന ഹോസ്റ്റലിനകത്ത് വെച്ചാണ് ഉപദ്രവിക്കുന്നത്. പട്ടിയെ പോലെ മതിലിന്റെ മൂലയ്ക്ക് പോയി മൂത്രം ഒഴിക്കുന്നത് പോലെ കാണിക്കാന്‍ പറയും. തറയില്‍ നക്കിക്കും. ചീത്ത വിളിക്കും', പീഡനം സഹിക്കാൻ കഴിയാതെ ജോലി ഉപേക്ഷിച്ച തൊഴിലാളി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഉപദ്രവങ്ങളെ കുറിച്ച് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും തൊഴിലാളി റിപ്പോർട്ടറിനോട് വെളിപ്പെടുത്തിയിരുന്നു.

പരാതി ലഭിച്ചതിന് പിന്നാലെ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് ഉടമ ജോയ് ജോസഫിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. എന്നാൽ കെൽട്രോ എന്ന കമ്പനി തങ്ങളുടെ ഉൽപന്നങ്ങൾ വാങ്ങി വിതരണം ചെയ്യുമെന്നല്ലാതെ മറ്റു ബന്ധങ്ങളൊന്നുമില്ലായെന്ന് ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് ഉടമ അറിയിച്ചു.

Content Highlights- Labor harassment in marketing company; State Youth Commission registers case suo motu

dot image
To advertise here,contact us
dot image