
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പൊലീസ് ഇന്ന് കോടതായില്‍ റിപ്പോര്‍ട്ട് നല്‍കും. ആദ്യഘട്ടത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥയുടെ ആണ്‍സുഹൃത്തിനെ കഴിഞ്ഞ ദിവസം പ്രതി ചേര്‍ത്തിരുന്നു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് ആണ്‍സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇക്കാര്യം പേട്ട പൊലീസ് കോടതിയെ അറിയിക്കും.
സുകാന്തിനെതിരെ പൊലീസ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിട്ടില്ല. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തുന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തില്‍ സുകാന്തിനെതിരെ ഗുരുതര വകുപ്പ് ചുമത്തിയിട്ടുണ്ടെന്നും ജാമ്യം നല്‍കരുതെന്നും പൊലീസ് കോടതിയെ അറിയിക്കും. സുകാന്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത കാര്യം ഐബിയെ അറിയിച്ചു. പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി ഉടന്‍ ഉണ്ടായേക്കും.
മകളെ ആത്മഹത്യയിലേക്ക് നയിച്ചത് സുകാന്താണെന്നാണ് ഐബി ഉദ്യോഗസ്ഥയുടെ പിതാവിന്റെ ആരോപണം മകള്‍ ലൈംഗിക, സാമ്പത്തിക ചൂഷണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും പിതാവ് പറഞ്ഞിരുന്നു. മരിക്കുന്ന സമയത്ത് മകളുടെ അക്കൗണ്ടില്‍ 1000 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ശമ്പളം അടക്കം മകള്‍ സുകാന്തിന് അയച്ചു നല്‍കിയിരുന്നു. രാജസ്ഥാനിലെ പരിശീലന ക്ലാസില്‍ മകള്‍ക്കൊപ്പം സുകാന്തും ഉണ്ടായിരുന്നു. 2024 മെയിലാണ് ചെറിയ തുക ആദ്യം മകളുടെ അക്കൗണ്ടില്‍ നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തത്. 2024 ഒക്ടോബര്‍ മുതല്‍ മുഴുവന്‍ ശമ്പളത്തുകയും അക്കൗണ്ടില്‍ നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്ത് തുടങ്ങിയെന്നും പിതാവ് ചൂണ്ടിക്കാട്ടിയിരുന്നു. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ സുകാന്തിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ സുകാന്ത് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.
കേസില്‍ താന്‍ നിരപരാധിയാണെന്നും ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പങ്കില്ലെന്നുമായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുകാന്ത് പറഞ്ഞത്. ഒരു ഘട്ടത്തിലും ഐബി ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയിട്ടില്ല. സ്നേഹത്തോടെയും ബഹുമാനത്തോടെയും സുരക്ഷിതത്വം ഉറപ്പുവരുത്തിയുമാണ് എപ്പോഴും ഇടപഴകിയത്. ഐബി ഉദ്യോഗസ്ഥയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. സത്യസന്ധമായ സ്നേഹവും നിറഞ്ഞ പിന്തുണയുമാണ് എപ്പോഴും ഐബി ഉദ്യോഗസ്ഥയോട് പ്രകടിപ്പിച്ചതെന്നും ഇയാള്‍ പറഞ്ഞിരുന്നു. സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.
മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
Content Highlights- Police will submit report on ib officer death case in court