'ചോദ്യം ചോദിക്കുന്നത് കേന്ദ്രമന്ത്രിക്ക് അസൗകര്യം'; ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളെ വിലക്കി സുരേഷ് ഗോപി

ആര് പറഞ്ഞിട്ടാണ് മാധ്യമ പ്രവർത്തകർ വന്നതെന്ന് കേന്ദ്രമന്ത്രി ചോദിച്ചതായി ഗസ്റ്റ് ഹൗസ് ജീവനക്കാരൻ പ്രസീത് പറഞ്ഞു

dot image

കൊച്ചി: എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളെ വിലക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ മാധ്യമങ്ങളോട് ക്ഷുഭിതനായതുമായി ബന്ധപ്പെട്ട് പ്രതികരണം ആരാഞ്ഞപ്പോൾ പ്രതികരിക്കാൻ വിസമ്മതിച്ച സുരേഷ് ഗോപി, മാധ്യമങ്ങളെ അവിടെ നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് മാധ്യമങ്ങൾ ചോദ്യം ചോദിക്കുന്നത് കേന്ദ്രമന്ത്രിക്ക് അസൗകര്യമുണ്ടാക്കുന്നുവെന്ന് പറഞ്ഞ് ഗസ്റ്റ് ഹൗസ് ജീവനക്കാർ മാധ്യമങ്ങളോട് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു. താൻ പുറത്തിറങ്ങുമ്പോൾ പുറത്ത് ഒരു മാധ്യമപ്രവർത്തകൻ പോലും ഉണ്ടാകരുതെന്ന് സുരേഷ് ഗോപി ഗൺമാനോട് നിർദേശിച്ചതായി ഗസ്റ്റ് ഹൗസ് ജീവനക്കാർ പറഞ്ഞു,

ആര് പറഞ്ഞിട്ടാണ് മാധ്യമ പ്രവർത്തകർ വന്നതെന്ന് കേന്ദ്രമന്ത്രി ചോദിച്ചതായി ഗസ്റ്റ് ഹൗസ് ജീവനക്കാരൻ പ്രസീത് പറഞ്ഞു. മാധ്യമപ്രവർത്തകരോട് പുറത്ത് പോകണം എന്ന് പറഞ്ഞത് മന്ത്രിയുടെ ഗൺമാൻ ആണ്. സെക്രട്ടേറിയറ്റിൽ പരാതിപ്പെടുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞതായും ഗസ്റ്റ് ഹൗസ് ജീവനക്കാരൻ പറഞ്ഞു. വിഷയത്തിൽ കേരള യൂണിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് ഇടപെട്ടിട്ടുണ്ട്. കെയുഡബ്ല്യുജെ ഭാരവാഹികൾ നേരിട്ടത്തി പ്രതിഷേധം അറിയിച്ചു. ഗസ്റ്റ് ഹൗസിന്റെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് എറണാകുളം പ്രസ്സ് ക്ലബ്‌ പ്രസിഡന്റ്‌ ഗോപകുമാർ പറ‍ഞ്ഞു.

ഇന്നലെ സുരേഷ് ​ഗോപി മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ വൈദികര്‍ നേരിട്ട ആക്രമണത്തെപ്പറ്റിയുള്ള ചോദ്യമായിരുന്നു സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. 'നിങ്ങള്‍ ആരാ, ആരോടാണ് സംസാരിക്കുന്നത്. വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാണ്. ജനങ്ങളാണ് വലുത്. സൗകര്യമില്ല ഉത്തരം പറയാന്‍. അക്രമം അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ടുണ്ട്. ന്യൂനപക്ഷങ്ങൾക്കെതിരെ കേരളത്തിലും അക്രമം നടക്കുന്നുണ്ട്. ജബല്‍പൂരില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ നിയമപരമായി നടപടിയെടുക്കും', എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഒരു സീറ്റ് പൂട്ടിക്കും എന്ന് ബ്രിട്ടാസ് പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അതിലെ ഒരക്ഷരം മാറ്റണമെന്ന് സുരേഷ് ഗോപി മറുപടി നൽകിയിരുന്നു.

മറ്റ് ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ പോയി വെച്ചാൽ മതിയെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Content Highlights: Suresh Gopi asked journalists to come out of Ernakulam guest house

dot image
To advertise here,contact us
dot image