
കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. സത്രീകളുടെ പേരിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് യുവാവ് തട്ടിപ്പ് നടത്തുന്നത്. മലപ്പുറം മാറാഞ്ചേരി വെള്ളത്തിങ്കല്‍ സ്വദേശിയായ മുഹമ്മദ് ഫുവാദാണ് (32)അറസ്റ്റിലായത്.
സ്ത്രീകളുടെ പേരിൽ അക്കൗണ്ട് തുടങ്ങിയ ശേഷം നിരന്തരം യുവതികളുമായി സംസാരിക്കുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്യുന്ന പ്രതി പിന്നീട് പതിയെ വീഡിയോ കോളിന് ശ്രമിക്കും. കോൾ എടുക്കുന്നയുടൻ തൻ്റെ ലൈംഗികാവയവം കോളിലൂടെ കാട്ടി സ്ക്രീൻഷോട്ട് എടുക്കും. ഈ ചിത്രങ്ങൾ വെച്ചാണ് ഇയാൾ ഭീഷണിപ്പെടുത്തുന്നത്. വിവാഹം കഴിഞ്ഞ സത്രീകളോട് ഭർത്താവിന് അയച്ച് നൽകുമെന്ന് പറഞ്ഞ് പണം തട്ടും. പലരും ഭയന്ന് പണം നൽകാറുണ്ടെന്നാണ് കണ്ടെത്തൽ.
കോഴിക്കോട് സ്വദേശിയായ യുവതിയെയും പ്രതി തട്ടിപ്പിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ യുവതിയുടെ കുടുബം പൊലീസിൽ പരാതി നൽകിയതോടെ ഇയാളുടെ തന്ത്രം പൊളിഞ്ഞു. പിന്നാലെ കോഴിക്കോട് പന്നിയങ്കര പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിക്ക് നിരവധി വ്യാജ അക്കൗണ്ടുകളുണ്ടെന്നും ഇത് ഉപയോഗിച്ച് പലരെയും കബളിപ്പിച്ച് പണം തട്ടിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. ആറ് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകളും ഇയാൾക്കുണ്ടെന്ന് കണ്ടെത്തി. ഇതിൽ ഒന്ന് മരിച്ചുപോയ പ്രതിയുടെ ഉമ്മയുടെ പേരിലുള്ള അക്കൗണ്ടാണ്. ഖത്തറിൽ ഡ്രൈവറായിരുന്ന പ്രതി ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്.
Content Highlights- Suspect arrested for duping women through video calls using 'fake accounts including in Umma's name'